ശബരിമല വിഷയത്തിലെ ‘രാഷ്ട്രീയക്കളി’ വമ്പന്‍ തിരിച്ചടിയായതിനു പിന്നാലെ യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിനെത്തുടര്ന്നുണ്ടായ സംഭവങ്ങളും കേരളത്തിലെ ഇടതുപക്ഷത്തിന്റെ അടിവേരറുക്കുന്നു.
പാട്ടുപാടിയ വിദ്യാര്‍ത്ഥിയെ കുത്തിവീഴ്ത്തിയ എസ്.എഫ്.ഐ. കുട്ടിസഖാക്കള്‍ രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച പി.എസ്.സി. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാംറാങ്കടക്കം നേടിയതോടെയാണ് ലക്ഷോപലക്ഷം വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടിയത്. കുത്തുകേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്ത് കാസര്‍ഗോഡ് ബറ്റാലിയനില്‍ ഒന്നാംറാങ്ക് നേടിയതും രണ്ടാംപ്രതി നസീം 28-ാം റാങ്കും നേടി. കാസര്‍കോഡ് സെന്ററില്‍ പരീക്ഷയെഴുതേണ്ട ഇവര്‍ യൂണിവേഴ്സിറ്റി കോളജിലിരുന്നാണ് പരീക്ഷ എഴുതിയത്. വര്‍ഷങ്ങളായി നിരന്തരം കഷ്ടപ്പെട്ട് പഠിച്ചെഴുതിയവര്ക്കുപോലും ദുഷ്കരമായ പരീക്ഷയാണ് ഇരുവരും നിഷ്പ്രയാസം പാസായത്.
ഇക്കാര്യമാണ് ലക്ഷോപക്ഷം യുവജനങ്ങള്ക്കുമുമ്പില് സമസ്യയായി തുടരുന്നത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐക്കെതിരേ തിരിഞ്ഞതോടെയാണ് കുട്ടിസഖാക്കള്‍ പരീക്ഷയില്‍ നേടുന്ന ഉന്നതവിജയത്തിലേക്ക് കാലങ്ങളായുണ്ടായ സംശയമുന ചുരുളഴിഞ്ഞു തുടങ്ങിയത്. ഭീഷണിയെത്തുടര്‍ന്ന് കുട്ടിസഖാക്കള്ക്കുവേണ്ടി യൂണിവേഴ്സിറ്റി പരീക്ഷ എഴുതിക്കൊടുക്കേണ്ടിവന്ന വിവരം കഴിഞ്ഞദിവസമുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥി ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു. റെക്കോഡുകളും പ്രോജക്ടുകളും വരെ കുട്ടിസഖാക്കള്ക്കുവേണ്ടി എഴുതുന്നത് കോളജിലെ ടീച്ചര്മാരാണെന്നും കുട്ടികള്‍ ആരോപിച്ചു.
ഇത്തരത്തില്‍ കടുത്ത അനീതികളാണ് ഇടതുരാഷ്ട്രീയപ്രസ്ഥാനത്തിന്റെ തണലില്‍ തഴച്ചുവളരുന്ന എസ്.എഫ്.ഐ. നേതാക്കള്‍ യൂണിവേഴ്സിറ്റി കോളജില്‍ നടത്തിപ്പോരുന്നത്. സംഘര്‍ഷമുണ്ടായപ്പോള്‍ മാധ്യമങ്ങള്‍ ‘ഇടിമുറി’യില്‍ കയറുന്നത് തടയാന്‍ പ്രിന്‍സിപ്പല്‍ വരെ ഓടിയെത്തുന്ന ലജ്ജാകരമായ കാഴ്ചയാണ് കേരളം കണ്ടത്.
കാലങ്ങളായി ഇത്തരത്തില്‍ അടിമകളായ അധ്യാപകരെ വച്ച് ആയിരക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനാവസരം നഷ്ടപ്പെടുത്തുകയാണെന്നും ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത യൂണിവേഴ്സിറ്റി കോളജിലെ ഒരു മുന്‍ അധ്യാപിക അഭിപ്രായപ്പെട്ടിരുന്നു. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും പിടിച്ചെടുത്തതോടെ സംശയങ്ങള്‍ക്ക് ആക്കം കൂടുകയാണ്.
പി.എസ്.സി. സംവിധാനവും കുട്ടിസഖാക്കള്ക്കുവേണ്ടി പണയംവച്ചതോടെ ഇടതുപക്ഷത്തിനെതിരേ യുവജനങ്ങളുടെ രോഷം ഇരമ്പുകയാണ്. നവമാധ്യമങ്ങളിലും പി.എസ്.സി. കൂട്ടായ്മകള്‍ വഴിയും നടക്കുന്ന ചര്‍ച്ചകളിലും ഇടതുപക്ഷം പ്രതിരോധത്തിലാണ്. ശബരിമലയ്ക്കു പിന്നാലെ പി.എസ്.സി.-കേരളസര്‍വ്വകലാശാല സംവിധാനത്തിലെ പിഴവുകള്‍ കൂടി പുറത്തായതോടെ കേരളത്തിലെ ഇടതുപക്ഷം പൊതുസമൂഹത്തില്‍ നഗ്നരാകുകയാണ്.
വാട്സാപ്പില്‍ പി.എസ്.സി. പഠിതാക്കളുടെ കൂട്ടായ്മ പങ്കുവയ്ക്കുന്ന ഒരു സന്ദേശം വായിക്കുക
”
PSCയുടെ സുതാര്യത
ഒരാഴ്ച മുന്‍പാണ് PSC POLICE CONSTABLE EXAM-ന്റെ ഫലം പ്രഖ്യാപിച്ചത്. അതില്‍ കാസര്‍കോട് ബറ്റാലിയനില്‍ 1-അം റാങ്ക് ശിവരഞ്ജിത്ത്, 2-അം റാങ്ക് പ്രണവ്, 28-അം റാങ്ക് നസീം എന്നിവര്‍ക്ക് ലഭിച്ചു. ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും എഴുത്ത് പരീക്ഷയില്‍ മാത്രം ശിവരഞ്ജിത്ത് നേടിയത് 78.33 മാര്‍ക്കാണ്. പ്രണവ് ആകട്ടെ 78 മാര്‍ക്കും. ഇയാള്‍ അവിടത്തെ യൂണിറ്റ് ഭാരവാഹിയാണ്.കേരളത്തിലെ എല്ലാ ബറ്റാലിയന് കൂടെ നോക്കിയാലും ഇവര്‍ രണ്ട് പേരുമാണ് മുന്നിട്ട് നില്‍ക്കുന്നത്. അടുത്തെങ്ങും ആരുമില്ല. ലക്ഷങ്ങള്‍ പരീക്ഷ എഴുതിയതാണെന്നു ഓര്‍ക്കണം.
നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്നല്‍ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാള്‍ പോലീസുകാരെ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലിയത്.അക്രമംനടന്നതിന് തൊട്ടുപിന്നാലെ കണ്‍ട്രോള്‍റൂമില്‍നിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
കേസില്‍നിന്ന് ഒഴിവാക്കാനും വന്‍ സമ്മര്‍ദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാള്‍ എത്താറുണ്ട്. മന്ത്രി എ.കെ. ബാലന് പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെയാണ് അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറായത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റി കോളേജില്‍ സജീവമായത്.
അക്രമ രാഷ്ട്രീയവും കത്തികുത്തുമായി നടക്കുന്ന ഇവര്‍ക്ക് ഉന്നതവിജയം നേടിയത് സംശയത്തിനിട നല്കുന്നു. ഈ പരീക്ഷ എഴുതിയവര്‍ക്ക് അറിയാം എത്രത്തോളം കഠിനമായിരുന്നുവെന്ന്. എന്നിട്ടും മുന്‍പ് ഒരു PSC പരീക്ഷയിലും മികവ് കാട്ടാത്ത ഇവര്‍ക്ക് എങ്ങനെ 78 മാര്‍ക്ക് വാങ്ങിക്കാന്‍ കഴിഞ്ഞു. കാസര്‍കോട് ബറ്റാലിയനില്‍ എഴുത്ത് പരീക്ഷയില്‍ മൂന്നാമത്തെ ഉയര്‍ന്ന മാര്‍ക്ക് നേടിയ ആള്‍ക്ക് കിട്ടിയത് 71 മാത്രം. ലക്ഷങ്ങള്‍ എഴുതിയ ഒരു പരീക്ഷക്ക് ഒരിക്കലും ഇങ്ങനെ വ്യത്യാസം വരുക അസാധ്യം. പരമാവധി 2 മാര്‍ക്കാണ് വ്യത്യാസം വരുക. Pscയുടെ ഏത് റാങ്ക്ലിസ്റ്റ് പരിശോധിച്ചാലും നിങ്ങള്‍ക്ക് അതു മനസിലാവും
ഇവര്‍ മൂന്നു പേരും പരീക്ഷ എഴുതിയത് യൂണിവേഴ്സിറ്റി കോളേജില്‍ തന്നെയാണെന്ന് ആരോപണം ഉണ്ട് (ആ വസ്തുത പരിശോധിച്ച് നിജസ്ഥിതി പുറത്തുവരണം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പി.എസ്.സി യില്‍ ജോലി ചെയ്യുന്നവരുടെ ഒത്താശയോടു കൂടിയാണെന്ന് വ്യക്തം)
ഒരാളെ ഗൂഡാലോചന നടത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എങ്ങനെയാണ് ഇത്ര ക്ഷമയോടെ പഠിച്ചു ഉയര്‍ന്ന റാങ്ക് വാങ്ങാന്‍ കഴിയുക?? അല്ലെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് റാങ്ക് വാങ്ങിയ ഒരാള്‍ക്ക് എങ്ങനെയാണ് ജോലി നഷ്ടപ്പെടും എന്നുറപ്പുളള ഒരു പ്രവൃത്തി ചെയ്യാന്‍ കഴിയുക??
ഇവര്‍ പഠിച്ചു വാങ്ങിയ മാര്‍ക്കല്ല ഇതെന്ന് കേരളത്തിലെ PSC ഉദ്യോഗാര്ത്ഥികള്ക്കുറപ്പുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷങ്ങളോളം പഠിച്ചാണ് ഒരു റാങ്ക്ലിസ്റ്റില് എങ്കിലും ഇടം നേടുക. അവിടെയാണിവര്‍ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നത്. ഇതുപോലെ എത്രപേര്‍ ജോലിയില്‍ കയറിയിട്ടുണ്ടാവും
PSC 100% സുതാര്യമാവണം അല്ലെങ്കില്‍ അത് വിദ്യാഭ്യാസമുള്ള ഒരു ജനതയോട് ചെയ്യുന്ന പൊറുക്കാന്‍ കഴിയാത്ത തെറ്റാണ്. പൊതുസമൂഹത്തില്‍ ഇത് ചര്‍ച്ച ചെയ്യണം. സമഗ്രമായ അന്വേഷണം വേണം. നീതി നടപ്പാക്കണം
pls share