കോട്ടയം: ഉത്‌പാദനചിലവിനെക്കാള്‍ 50% എങ്കിലും ഉയര്‍ന്ന നിരക്കില്‍ കാര്‍ഷിക വിളകള്‍ക്ക്‌ എല്ലാ വര്‍ഷവും കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും ഇതുറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി. വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകന്റെ നിലനില്‍പ്പിന്‌ ഇത്‌ അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

കാര്‍ഷിക വിളകള്‍ക്ക്‌ മിനിമം സപ്പോര്‍ട്ട്‌ പ്രൈസ്‌ പ്രഖ്യാപിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, അന്താരാഷ്‌ട്രകരാറുകളിലെ കര്‍ഷക ദ്രോഹവ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി നടത്തുന്ന വിവിധങ്ങളായ കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ.എം.മാണി.
ഉത്‌പാദന ചിലവിനെക്കാള്‍ 50 ശതമാനം അധികം വരുന്ന താങ്ങുവില ഉറപ്പാക്കുമെന്ന്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണഘട്ടത്തില്‍ നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കാത്തത്‌ വാഗ്‌ദാന ലംഘനമാണ്‌.
ബീഫിന്റെ പേരില്‍ നിയമഭേദഗതിക്ക്‌ വ്യഗ്രത കാട്ടിയ കേന്ദ്രസര്‍ക്കാര്‍ കടക്കെണിയില്‍പ്പെട്ട്‌ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനെ സഹായിക്കാന്‍ ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here