തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം കത്തി നിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ താമര വിരിഞ്ഞില്ല. ആറിതണുത്ത അതേ വിഷയം ഉയര്‍ത്തിപ്പിടിച്ച് ഉപതെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിയെ മുന്നണിയിലെ തര്‍ക്കങ്ങള്‍ കൂടി കണ്ട ജനം ശരിക്കും മൂലയ്ക്കിരുത്തി.

മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് കേരളത്തില്‍ ബി.ജെ.പി സ്വയം സാധ്യത കല്‍പ്പിച്ചിട്ടുള്ള, അടിത്തറയുള്ള മണ്ഡലങ്ങളാണ്. കുമ്മനത്തിനായി പണി തുടങ്ങിയ പ്രവര്‍ത്തകര്‍ക്കു നടുവിലേക്കാണ് അഡ്വ. സുരേഷിനെ കെട്ടിയിറക്കിയത. തീരുമാനമെടുത്തവരുടെ കണക്കു കൂട്ടല്‍ എന്തായിരുന്നാലും മണ്ഡലത്തില്‍ ജയിച്ചു കയറുകയെന്ന ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നില്ലെന്ന് ഫലം വ്യക്തമാക്കുന്നു. കുമ്മനത്തെ ‘വെട്ടി’യെത്തിയ സുരേഷിനെ പ്രവര്‍ത്തകര്‍ തന്നെ വെട്ടിനിരത്തിയ സ്ഥിതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം നേടിയ 50,709 വോട്ടില്‍ സുരേഷിനു ലഭിച്ചത് 27,453 എണ്ണം മാത്രം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം 43,700 വോട്ടാണ് ഇവിടെ നേടിയത്. ബൂത്തുതലത്തില്‍ കീറി മുറിച്ചു ഒരു പഠനം നടത്തി നേതാക്കള്‍ക്ക് ആശ്വസിക്കാം. എന്‍.എസ്.എസ് കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ സി.പി.എം വിജയിച്ചതും കൂടി ഇവര്‍ പഠിക്കണം.

പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന കോന്നിയിലേക്ക് സുരേന്ദ്രനെ എത്തിക്കുമ്പോള്‍ വിജയമാണ് ബി.ജെ.പി ലക്ഷ്യമിട്ടത്. മത്സരത്തില്‍നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിച്ച സുരേന്ദ്രനെ കളത്തിലിറക്കിയ നേതാക്കള്‍ക്ക് ഘടകക്ഷിയായ ബി.ഡി.ഐ.എസിന്റെ വോട്ടുകള്‍ പോലും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ഡി.ജെ.എസിന്റെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ മേല്‍പുറത്തുവച്ചു കെട്ടിയ മരുന്നുകള്‍ ഫലിച്ചില്ലെന്ന് വ്യക്തം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 16,713 വോട്ട് 39,786 ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ സുരേന്ദ്രന് അഭിമാനിക്കാം.

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിക്കെതിരെ അണികളുടെ പ്രതിഷേധം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി തന്നെ നേരിട്ടറിഞ്ഞ മണ്ഡലമാണ് മഞ്ചേശ്വരം. വോട്ടു കുറഞ്ഞില്ലെങ്കിലും തൊട്ടരികിലുണ്ടായിരുന്ന വിജയം ദൂരേക്കു പോകുന്ന കാഴ്ചയാണ് ഇവിടെ ബി.ജെ.പിക്ക്. അരൂരിലും എറണാകുളത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here