രാജേഷിനു പിന്നാലെ ആരെല്ലാം… ബി.ജെ.പിയില്‍ പോരു മുറുകുന്നു

0
6

തിരുവനന്തപുരം: അഴിമതിയെ ചോദ്യം ചെയ്തവര്‍ക്കെതിരായ നടപടി ബി.ജെ.പിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. വി.വി. രാജേഷിനെതിരായ നടപടി ഫലത്തില്‍ ബി.ജെ.പി സംസ്ഥാനഘടകത്തിലെ ഗ്രൂപ്പ് പോര് ശക്തമാക്കി. ജില്ലാ പ്രാദേശിക നേതൃത്വങ്ങളിലേക്ക് ഏറ്റുമുട്ടലുകള്‍ വ്യാപിച്ചു തുടങ്ങിയതോടെ നേതൃത്വവും പരുങ്ങലിലാണ്.

അഴിമതി നടത്തിയവര്‍ക്കെതിരെ തെളിവുണ്ടായിട്ടും നടപടി സ്വീകരിക്കാതെ വിവരങ്ങള്‍ ചോര്‍ത്തിയതിന് നടപടിയെടുത്തതിനെയാണ് ഒരു വിഭാഗം നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. ഇത് അഴിമതിക്കാരെ സംരക്ഷിച്ച് അഴിമതിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനു തുല്യമാണ്. ഇത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. ഇതുസംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായി. രാജേഷിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മുരളീധര പക്ഷ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്.

ഇതോടെ, രണ്ട് കമ്മിഷന്‍ അംഗങ്ങളുടെയും പ്രസിഡന്റിനെയും സംഘടനാ സെക്രട്ടറിമാരുടെയും കൈയില്‍ മാത്രമുണ്ടായിരുന്ന റിപ്പോര്‍ട്ട് രാജേഷിന് കിട്ടിയത് എങ്ങനെയെന്ന ചോദ്യവും ഒരു വിഭാഗം ഉന്നയിക്കുന്നു. അതേസമയം, കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്ന സൂചനയാണ് ഔദ്യോഗിക പക്ഷത്തുനിന്ന് പറത്തുവരുന്നത്. തിരുവനന്തപുരത്തെ ഒരു ജില്ലാ നേതാവ് അടക്കമുള്ളവര്‍ നടപടി ഭീഷണിയിലാണെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here