ഇടവേളയില്ലാതെ കന്നട നാടകം; ചടുലനീക്കം പിഴച്ച് കോണ്‍ഗ്രസ്

0

ഫലമറിഞ്ഞ് ഒരു രാത്രി തികയുംമുമ്പ് കോണ്‍ഗ്രസിനെ ‘രാഷ്ട്രീയക്കളി’ പഠിപ്പിച്ച് ബി.ജെ.പി. തന്ത്രം. 37 സീറ്റുള്ള ജെഡിഎസിന് നിരുപാധിക പിന്‍തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സോണിയായുടെ ചടുല നീക്കത്തെ പുകമറയിലാക്കിയിരിക്കയാണ് ബി.ജെ.പി. നേതൃത്വം.

8.30ന് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ഇതുവരെയും തുടങ്ങാനായിട്ടില്ല. എം.എല്‍.എമാരെ ഫോണില്‍പോലും വിളിച്ചാല്‍ കിട്ടാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. ജെ.ഡി.എസിലെ ചില എം.എല്‍.എമാരിലും വിള്ളലുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതായാണ് വിവരം. കാശിന് കാശ് പദവിക്ക് പദവി എന്ന നിലയിലുള്ള അതിമോഹനവാഗ്ദാനങ്ങളാണ് ബി.ജെ.പി. ക്യാമ്പില്‍ നിന്നുണ്ടാകുന്നത്.

കൂറുമാറ്റ നിരോധനനിയമത്തില്‍ പെടാത്തനിലയില്‍ എം.എല്‍.എമാരെ കൂട്ടത്തോടെ ചാക്കിലാക്കാനാണ് നീക്കം. എം.എല്‍.എ സ്ഥാനം രാജി വയ്ക്കാന്‍ 100 കോടി വരെ വാഗ്ദാനമണ്ടായതായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പറഞ്ഞു. കോടിക്കണക്കില്‍ തട്ടി വീണാല്‍ കോണ്‍ഗ്രസിന് ഗവര്‍ണറുടെ മുന്നില്‍ അംഗബലം കാണിക്കാനാവില്ല.

ജെ.ഡി.എസ്. എം.എല്‍.എമാരില്‍ ആരും തന്നെ ബി.ജെ.പിയുടെ വലയില്‍ വീണില്ലെങ്കില്‍ രാഷ്ട്രീയമായി ഏറെ പഴികേള്‍ക്കേണ്ടിവരിക കോണ്‍ഗ്രസിനായിരിക്കും. കാശില്‍ മയങ്ങിയവരിലേറെയും കോണ്‍ഗ്രസ് പാളയത്തിലുള്ളവരെന്നാണ് പുറത്തുവരുന്ന വിവരം. എങ്കില്‍ സോണിയായുടെ ചടുലനീക്കത്തില്‍ വീണ്ടും മുഖംപൊള്ളുന്നത് കോണ്‍ഗ്രസിന്റേതുതന്നെയാകും. ജനാധിപത്യത്തിനും ധാര്‍മ്മികതയ്ക്കും വിലകല്‍പിക്കാതെ ഭരണം പിടിക്കാനുള്ള കുടിലതന്ത്രങ്ങളാണ് ബി.ജെ.പി. പയറ്റുന്നതും. കന്നടനാട്ടില്‍ നാടകം തുടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കകം ചിത്രം തെളിയാനുള്ള സാധ്യതയുമുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here