കമലിന് കരുത്തായ് ‘സേനാപതി’ വരും ലേറ്റാകാതെ രജനിയും

0

തമിഴകരാഷ്ട്രീയം എന്നും സിനിമയ്ക്കു ചുറ്റുമാണ്. അഭ്രപാളിയിലെ താരങ്ങള്‍ എന്നും തമിഴ്ജനതയുടെ രാഷ്ട്രീയബോധത്തിലും ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. ജയലളിത എന്ന മഹാമേരുവിനു മുന്നില്‍ കൊമ്പുകുലുക്കിയിരുന്നെങ്കിലും നേര്‍പോരാട്ടത്തിനിറങ്ങാതെ നില്‍ക്കാന്‍ സ്‌റ്റെല്‍മന്നന്‍ രജനിയും ശ്രദ്ധിച്ചിരുന്നു. ഇന്ന് ജനസ്വാധീനമുള്ള വെള്ളിനക്ഷത്രങ്ങള്‍ തമിഴ്‌രാഷ്ട്രീയ അരങ്ങിലില്ല. ഈ ഘട്ടത്തിലാണ് വികാരവഴികളില്‍ തമിഴന് അവഗണിക്കാനാകാത്ത സ്‌റ്റെല്‍മന്നനും ഉലകനായകനും രാഷ്ട്രീയഗോദയിലെത്തുന്നത്.

സിനിമകളിലൂടെ ജനങ്ങളെ കൈയ്യിലെടുക്കുകയും സിനിമയിലൂടെ രാഷ്ട്രീയ ഇമേജ് സൃഷ്ടിക്കുകയും ചെയ്ത എം.ജി.ആര്‍. തന്നെയാകും രജനികാന്തിന്റെയും കമല്‍ഹാസന്റെയും മാതൃക. തന്റെ വേറിട്ട നിലപാടുകള്‍ പണ്ടുമതലേ കമല്‍ തന്റെ സിനിമകളില്‍ തുറന്നുകാട്ടാന്‍ ശ്രദ്ധിച്ചിരുന്നു. ദൈവവും പ്രത്യയശാസ്ത്രവും എങ്ങനെ സമന്വയിക്കുന്നൂവെന്ന് തിരിച്ചറിയാന്‍ പാടുന്ന ഇടതുപക്ഷമാണ് നമ്മുക്കുള്ളത്. എന്നാല്‍ 2003ല്‍ പുറത്തിറങ്ങിയ ‘അന്‍പേശിവം’ എന്ന ചിത്രത്തില്‍ ഇടത്‌നിലപാടുകളോടുള്ളആഭിമുഖ്യം പ്രകടമാക്കുമ്പോഴും ‘സ്‌നേഹമാണ്, മനുഷ്യത്വമാണ് ദൈവം’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാന്‍ കമല്‍ഹാസന് കഴിഞ്ഞു. കമല്‍ ഏറെ പ്രതീക്ഷയോടെ കണ്ട ചിത്രത്തെ തിയറ്ററില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞെങ്കിലും കമല്‍ഹാസന്‍ രചന നിര്‍വഹിച്ച ചിത്രം ഏറെ നിരൂപകശ്രദ്ധ നേടി.

‘മക്കള്‍ നീതി മയ്യം’ എന്ന പേരില്‍ കമല്‍ഹാസന്‍ തമിഴ്‌രാഷ്ട്രീയത്തില്‍ അവതരിച്ചും കഴിഞ്ഞു. മധുരയിലെ ഒത്തക്കട മൈതാനത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കമലിന്റെ പാര്‍ട്ടി പിറന്നത്. രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ ജനസ്വാധീനം മാത്രംപോരാ ബുദ്ധിയും വേണമെന്ന അടുത്തിടെ സ്‌റ്റെല്‍മന്നന്‍ രജനി പറഞ്ഞ പഞ്ച് ഡയലോഗുണ്ട്. ആള്‍ക്കൂട്ടത്തെയും ആരാധകരെയും വോട്ടിങ്‌മെഷീനില്‍ കുത്തിക്കാനുള്ള തുടര്‍ കരുനീക്കങ്ങളെന്തെക്കെയാണ് എന്ന ആകാംക്ഷയിലാണ് എല്ലാവരും. രാഷ്ട്രീയ നിരീക്ഷകരും ആരാധകരും ഉറ്റുനോക്കുന്നത് കമല്‍ഹാസന്റെയും രജനിയുടെ പണിപ്പുരയിലുള്ള സിനിമകളിലാണ്. പാ രഞ്ജിത്തിന്റെ രജനിച്ചിത്രം ‘കാല’യും ഷങ്കറിന്റെ കമല്‍ച്ചിത്രം ‘ഇന്ത്യന്‍ 2’ എന്നിവയാണ് രാഷ്ട്രീയഗോദയിലേക്കുള്ള പടയോട്ടത്തിന് തിരികൊളുത്തുക. 1996 ല്‍ പുറത്തിറങ്ങി ബോക്‌സോഫീസില്‍ വമ്പന്‍ഹിറ്റായ ‘ഇന്ത്യന്‍’, രാഷ്ട്രീയഉദ്യോഗസ്ഥരംഗത്തെ അഴിമതിക്കെതിരേ ഒറ്റയാന്‍ പോരാട്ടം നടത്തുന്ന സ്വാതന്ത്ര്യസമരപ്പോരാളിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു. തമിഴ്ജനതയെ ഉണര്‍ത്തിയെടുക്കുന്ന രാഷ്ട്രീയ അഴിമതിക്കെതിരേയുള്ള പോരാട്ടകഥയുമാകും ‘ഇന്ത്യന്‍’ രണ്ടാംപതിപ്പിലെന്നാണ് സൂചന. ‘കമല്‍ഹാസന്‍’ എന്ന രാഷ്ട്രീയനേതാവിനെ പടുത്തുയര്‍ത്താനുള്ള കൃത്യമായ ലക്ഷ്യങ്ങളോടെയാകും സേനാപതിയെന്ന വയോധിക കഥാപാത്രത്തിന്റെ വരവെന്ന് ചുരുക്കം.

രാഷ്ട്രീയ ഗോദയ്ക്ക് നിറംപകരുംവിധത്തിലുള്ള മൂന്ന് കഥകള്‍ക്ക് രജനി കൈകൊടുക്കുന്നുണ്ടെന്നാണ് സൂചന. കാക്കാമുട്ടെ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠന്‍, കെ.വി.ആനന്ദ് എന്നിവരുടേതടക്കമുള്ളതാണ് പുതിയ ചിത്രങ്ങള്‍. സ്‌റ്റെല്‍മന്നന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമ്പോഴും പുതിയ ചിത്രങ്ങള്‍ക്ക് കൈകൊടുക്കുന്നതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തം. കര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയതാണ് സംവിധായകന്‍ മണികണ്ഠന്റെ ചിത്രം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here