തിരുവനന്തപുരം: മുതിര്‍ന്ന നേതാവും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരനെ കെ.പി.സി.സി. സംസ്ഥാന അധ്യക്ഷനാകും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ. സുധാകരനെ നേരിട്ടു വിളിക്കുകയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
പുതിയ അധ്യക്ഷ നിയമനത്തെക്കുറിച്ച് ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ ആരുടെയും പേരുകള്‍ നിര്‍ദേശിച്ചില്ലെന്നാണ് സൂചന. തുടര്‍ന്നാണ് കാര്യങ്ങള്‍ കെ. സുധാകരന് അനുകൂലമായത്.
എന്നാല്‍, രാഹുല്‍ ഗാന്ധി വിളിച്ചതിനു പിന്നാലെ കെ. സുധാകരന് മാധ്യമങ്ങളെ കണ്ടത് വിവാദമായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള പ്രതികരണത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം. അതിനിടെ, പുറത്തുവന്ന തീരുമാനത്തെ കോണ്‍ഗ്രസിന്റെ വിവിധ ഗ്രൂപ്പു നേതാക്കള്‍ സ്വാഗതം ചെയ്തു.