എല്ലാ ഇടത്പ്രവര്‍ത്തകര്‍ക്കും ആവേശം പകരുന്ന വിജയമാണ് വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ. പ്രശാന്ത് നേടിയത്. സൗമ്യതയയോടെയും പുഞ്ചിരിയോടെയും പക്വതയോടുകൂടി വാക്കുകള്‍ ഉപയോഗിക്കുന്ന ആളാണ് വി.കെ.പ്രശാന്തെങ്കിലും പൊതുവെ ഇടത് പ്രവര്‍ത്തകര്‍ക്ക് ആ നേതൃശൈലി ശീലിച്ച കീഴ്‌വഴക്കമില്ലെന്നതാണ് വാസ്തവം.

വട്ടിയൂര്‍ക്കാവില്‍ തോറ്റുപോയെങ്കിലും ഫലപ്രഖ്യാപന ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ ഇടതുപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മാസ് മറുപടിയാണ് നവമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

മേയര്‍ പ്രശാന്ത് മികച്ച ഭൂരിപക്ഷത്തിലേക്ക് കടക്കുന്ന സന്ദര്‍ഭത്തിലാണ് വോട്ടെണ്ണല്‍ കേന്ദ്രമായ പട്ടം സെന്റ് മേരീസ് സ്‌കൂളിലേക്ക് മോഹന്‍കുമാര്‍ എത്തുന്നത്. മേയര്‍ പ്രശാന്ത് 7000 ത്തിലധികം വോട്ടിന്റെ ലീഡ് നേടി മുന്നേറുന്ന അവസ്ഥയില്‍ ഇടതുപ്രവര്‍ത്തകര്‍ ആഹ്‌ളാദാരവം മുഴക്കുന്ന സന്ദര്‍ഭംകൂടിയായിരുന്നു.

മോഹന്‍കുമാറിന്റെ വാഹനം ഗേറ്റിനടുത്തെത്തിയപ്പോഴേക്കും ഇടതുപ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വാഹനത്തെ വളഞ്ഞു. കൂക്കിവിളിച്ചുകൊണ്ടായിരുന്നു മോഹന്‍കുമാറിനെ വരവേറ്റത്.

സിപിഎം കൗണ്‍സിലര്‍മാരും നേതാക്കളും തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്‍മാറാന്‍ തയ്യാറായില്ല. എന്നാല്‍ അവിടെ നിര്‍ത്തിയ വാഹനത്തില്‍ നിന്നിറങ്ങിയ മോഹന്‍കുമാര്‍ പുറത്തിറങ്ങി. കൂവിക്കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്ക് നിറചിരിയോടെ ആദ്യമേ തന്നെ കൈകൊടുത്തിട്ടായിരുന്നു മറുപടി.

”ഞാന്‍ അഡ്വ. മോഹന്‍ കുമാര്‍. ഇവിടത്തെ തോറ്റ സ്ഥാനാര്‍ത്ഥിയാണ്. വണ്ടിയില്‍ തട്ടാനും ഒച്ചവയ്ക്കാനും ഞാനൊരു സാമൂഹിക വിരുദ്ധനല്ല. ജയവും തോല്‍വിയും തിരഞ്ഞെടുപ്പില്‍ സ്വാഭാവികമാണല്ലോ. ഇത്തവണ തോറ്റുപോയി. എന്നുകരുതി പിടിച്ചു നിര്‍ത്തി കൂവുന്നതൊക്കെ പഴയ ശൈലിയല്ലേ? ആരു തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ ഇതു ചെയ്യരുത്”.

  • കൂവിയ ഇടതുപ്രവര്‍ത്തകര്‍ക്ക് പിന്നെ മിണ്ടാട്ടമുണ്ടായില്ല. പകരം അദ്ദേഹത്തിനു വഴിമാറിക്കൊടുത്ത് മാതൃകകാട്ടുകയേ വഴിയുണ്ടായിരുന്നുള്ളൂ. കൂവിയര്‍ക്ക് നേരെ കൈവീശിക്കൊണ്ടായിരുന്നു മോഹന്‍കുമാര്‍ മടങ്ങിയതും.

ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ‘നിന്റെ തന്തയല്ല, എന്റെ തന്ത’ എന്ന ഡയലോഗ് കടമെടുത്ത് ട്രോളുകളിലൂടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ സംഭവം കൈകാര്യം ചെയ്യുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here