കെ. എം. മാണിയെന്ന മാണി സാറിന്റെ മരണത്തിനുശേഷം കൊടിയും പേരും നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു ജോസും കൂട്ടരും. ജോസഫിനെ കൊണ്ട യു.ഡി.എഫ് തള്ളുകകൂടി ചെയ്തതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭാവി എന്താണെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കി. ഇടതു പാളയത്തില്‍ അഭയം പ്രാപിച്ച ജോസിനും കൂട്ടര്‍ക്കും തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് രണ്ടിലയും പേരുമൊക്കെ തിരികെ കിട്ടിയത്. ഇടതു മുന്നണിക്കൊപ്പം ജോസും കൂട്ടരും കൂടി ചേര്‍ന്നതോടെ യു.ഡി.എഫിന്റെ കോട്ടയം കോട്ട അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന കാഴ്ചയാണ് പുറത്തു വരുന്നത്.

അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വിധിയെഴുത്തായിരുന്നു ‘പാല’ യിലേത്. ‘പാല’ എല്ലാ തെരഞ്ഞെടുപ്പുകളിലും ‘മാണി സാർ’ എന്ന ഒറ്റയാന്റെ പോരട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കേരളത്തിന്റെ കണ്ണും  കാതും പാലയിലേക്ക് ഉറ്റുനോക്കിയത് കളം മാറി പോരാട്ടത്തിനിറങ്ങിയ മാണിസാറിന്റെ മകൻ ജോസ് കെ. മാണിയെ ജനങ്ങൾ തള്ളുമോ കൊള്ളുമോ എന്നറിയാൻ കൂടിയായിരുന്നു. കെ.എം മാണിയുടെ വിയോഗശേഷം  നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി പാലയിൽ തോറ്റത് ജോസിന്റെ പുറത്താക്കൽ നടപടികൾക്ക് ആക്കം കൂട്ടി. അന്ന് മുതൽ കെ.എം മാണിയുടെ പരമ്പരാഗത അവകാശികൾ തങ്ങളാണെന്ന് തെളിയിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു ഇരുകൂട്ടരും.

കോട്ടയത്തെ ജില്ലാ പഞ്ചായത്തിലെ 22 സീറ്റുകളില്‍ അഞ്ചിടത്തൊഴികെ മറ്റെല്ലായിടങ്ങളിലും ഇടതു മുന്നേറ്റമാണ് കണ്ടത്. മാണിസാറിന്റെ പാലയിലാകട്ടെ ജോസും ഇടതും ചേര്‍ന്ന് ഭരിക്കാന്‍ പോകുന്നു. കോട്ടയം നഗരസഭയിലടക്കം യു.ഡി.എഫിന് വന്‍ തിരിച്ചടിയാണ്. ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ അടക്കം കോണ്‍ഗ്രസിനു അടി തെറ്റി.മദ്ധകേരളത്തിലെ ശക്തി കേന്ദ്രത്തിന്റെ തിരിച്ചടിക്ക് ആക്കം കൂട്ടി ജോസും കൂട്ടരും പിടിക്കാതിരുന്ന സീറ്റുകള്‍ ബി.ജെ.പി കൊണ്ടുപോവുകയും ചെയ്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സാന്നിധ്യം എൽ.ഡി.എഫിന് മധ്യകേരളത്തിൽ ഗുണം ചെയ്യും. യു.ഡി.എഫിന്റെ ഭാഗമായി പരമ്പരാഗതമായി മാണി ഗ്രൂപ്പ് നേടിയിരുന്ന സീറ്റുകളിൽ എൽ.ഡി.എഫിന്റെ ഭാഗത്ത് നിന്നും സി.പി.ഐ ആയിരുന്നു മത്സരിച്ചിരുന്നത്. വിശ്വാസം തിരിച്ച് പിടിച്ച സ്ഥിതിതിക്ക് ഈ സീറ്റുകൾ എൽ.ഡി.എഫ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ സാധ്യതയുണ്ട്.

ജോസിനു പകരം യു.ഡി.എഫ് കൂടെ കൂട്ടിയ ജോസഫിനും കൂട്ടര്‍ക്കും പൂര്‍ണ്ണമായും കാലിടറുന്ന കാഴ്ചയാണ് കണ്ടത്. തൊടുപുഴയിലടക്കം സീറ്റുകള്‍ ഒലിച്ചുപോകുന്ന സ്ഥിതി.

LEAVE A REPLY

Please enter your comment!
Please enter your name here