ഗുവാഹത്തി | ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ. ജിഗ്നേഷ് മേവാനി മറ്റൊരു കേസില്‍ അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് മറ്റൊരു കേസില്‍ അദ്ദേഹത്തെ അസമിലെ ബര്‍പെട്ട പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അസം പോലീസ് സംഘം അദ്ദേഹത്തിന്റെ ഗുജറാത്തിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രകോപനം തുടങ്ങിയ കുറ്റങ്ങളായിരുന്നു മേവാനിക്കെതിരേ ചുമത്തിയിരുന്നത്.
കൊക്രാഝാര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മേവാനിക്ക് ഉപാധികളോടെ തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. വിണ്ടും അറസ്റ്റിലായ മേവാനിയെ കൊക്രാഝാര്‍ ജയിലിലേക്കു മടക്കിയെന്നാണ് റിപ്പോര്‍ട്ട്.