ശ്രീനഗര്‍: ജമ്മു-കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്പമെന്റ് കൗണ്‍സില്‍ (ഡി.ഡി.സി) തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുേമ്ബാള് ബി.ജെ.പിയെ മറികടന്ന് ഫാറൂഖ് അബ്ദുല്ല നേതൃത്വം നല്കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്റെ മുന്നേറ്റം. അവസാന ഫലസൂചനകള്‍ അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കാര്‍ സഖ്യം 81 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 47 സീറ്റുകളിലും. കോണ്‍ഗ്രസിന് നിലവില്‍ 21 സീറ്റുകളില്‍ മാത്രമേ ലീഡുള്ളു.
ഫറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി എന്നിവയടക്കമുള്ള ഗുപ്കാര്‍ സഖ്യം കശ്മീര്‍ പ്രവിശ്യയിലാണ് മുന്നേറുന്നത്. ജമ്മു പ്രവിശ്യയില്‍ ബി.ജെ.പിയും. ഇവിടെ 44 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം തുടരുന്നത്. ഗുപ്കാര്‍ സഖ്യം ഇവിടെ 20 സീറ്റില്‍ മുന്നിലാണ്. അതേസമയം, കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നിലുണ്ട്. ഇവിടെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നിലുള്ളത്.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഡി.ഡി.സിയിലേത്. ജമ്മു-കശ്മീരില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. 20 ജില്ലകളിലെ 280 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 28ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാനഘട്ട വോട്ടെടുപ്പ് നടന്നത് ഡിസംബര്‍ 19നാണ്.