ആകാശയാത്ര…. ആ ‘കാശ്’ നല്‍കില്ലെന്ന് സി.പി.എം.

0
6

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ചെലവായ കാശ് നല്‍കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനം.
ദുരന്തനിവാരണഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ 8 ലക്ഷം വകയിരുത്തിയ ഉത്തരവ് വിവാദമായതോടെ പാര്‍ട്ടി ഫണ്ടില്‍നിന്നും തുക നല്‍കുമെന്ന സൂചന നല്‍കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഈ വാദം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ള്ളി. ഓഖി ഫണ്ടില്‍നിന്നും പത്തുപൈസ എടുത്തിട്ടില്ലെന്നും ഉത്തരവ് റദ്ദാക്കിയത് പൊതുസമൂഹത്തില്‍ തെറ്റായ ധാരണ പരന്ന സഹചര്യത്തിലാണെന്നും മന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചു. ഓഖി ദുരന്ത നിവാരണ ഫണ്ടിലേക്ക് പാര്‍ട്ടി 5 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രധാനമന്ത്രിമാരും കേന്ദ്രസംസ്ഥാന മന്ത്രിമാരും ഇത്തരത്തില്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം ചെലവാക്കാറുണ്ട്. ഓഖി പണം ദുരിതാശ്വാസ നിധിയിലെ പ്രത്യേക അക്കൗണ്ടിലാണ് (സി.എം.ഡി.ആര്‍.എഫ്) നിക്ഷേപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ പാര്‍ട്ടി സമ്മേളനവേദിയില്‍ നിന്നാണ് ഓഖി ദുരന്ത നിവാരണം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് പറന്നിറങ്ങിയത്. തുടര്‍ന്ന് യാത്രയ്ക്ക് ചെലവായ 8 ലക്ഷം മുഖ്യമന്ത്രിയുടെ ദുരന്തനിവാരണഫണ്ടില്‍ നിന്നും ചെലവാക്കാന്‍ ഉത്തരവിറങ്ങിയതോടെ വിവാദവും പറന്നിറങ്ങി. റവന്യൂ സെക്രട്ടറിയുടെ നടപടിക്കെതിരെ റവന്യൂമന്ത്രി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയും ഓഫീസും നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് ഭരണമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.പാര്‍ട്ടിഫണ്ടില്‍ നിന്നും യാത്രാചെലവ് നല്‍കേണ്ടതില്ലെന്ന് സി.പി.എം. നിലപാടെടുത്തതോടെ ആകാശയാത്രാ വിവാദങ്ങള്‍ ഉടന്‍ കെട്ടടങ്ങില്ലെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here