സി.പി.എമ്മിന് പുതിയ തലവേദന; വിവാദങ്ങള്‍ക്ക് പിന്നില്‍ ‘ഒരു പി.ബി.’ പകവീട്ടല്‍?

0
6

ഡല്‍ഹി: സി.പി.എമ്മിന് തലവേദനയാക്കി ‘പിതാവിനെയും പുത്രനെ’യും വീണ്ടും തുറന്നുവിട്ടത് തലപ്പത്തെ വിഭാഗീയതയോ ? മക്കളുടെ പേരില്‍ ഏറെ പഴികേള്‍ക്കപ്പെട്ട കേരളത്തിലെ സി.പി.എം നേതാക്കളെ പ്രതിക്കൂട്ടിലാക്കി വീണ്ടും ഒരു ആരോപണം കൂടി പുറത്തുവരുന്നു. പ്രമുഖ സി.പി.എം നേതാവിന്റെ മകന്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തിയശേഷം ദുബായില്‍ നിന്ന് കടന്നതായി ഇന്ന് പ്രമുഖ മുത്തശ്ശിപ്പത്രമാണ് റിപ്പോര്‍ട്ടുചെയ്തത്.
നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്തതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ പരാതിയുമായി സി.പി.എം. പോളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഒരു ഓഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടു വായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏഴു കോടിയോളം രൂപയും കമ്പനി അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍, നേതാവിനെതിരെ അല്ല, നേതാവിന്റെ മകനെതിരെയുള്ള വാദമായതിനാല്‍ അന്വേഷണമില്ലെന്ന നിലപാടും കേന്ദ്ര നേതാക്കള്‍ സ്വീകരിക്കുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്ബന്ധം തള്ളിയതിനു പിന്നില്‍ സംസ്ഥാനത്തെ സി.പി.എം. നേതാക്കളുടെ നിര്‍ണ്ണായക സ്വാധീനമായിരുന്നു. ഇതേത്തുടര്‍ന്നുള്ള പടലപ്പിണക്കമാണ് പുതിയ വിവാദം കത്തിപ്പടരുന്നതിന് പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്.
കോണ്‍ഗ്രസ് ബന്ധത്തെ നഖശിഖാന്തം എതിര്‍ക്കാന്‍ പ്രകാശ് കാരാട്ടിനൊപ്പം അണിചേര്‍ന്ന കേരളഘടകത്തിലെ മുതിര്‍ന്ന നേതാവിനെ, മകന്റെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ നേരിടാന്‍ ശ്രമിക്കുന്നുതിന്റെ ഭാഗമാണിതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. നിലവില്‍ ഒരു നേതാവിന്റെ മകനെതിരെയും ഇത്തരമൊരു കേസ് നിലനില്‍ക്കുന്നില്ലെന്നാണ് സംസ്ഥാനത്തെ നേതാക്കളില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക മറുപടി.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുവരുന്നതിനിടെ ഒരിടവേളയ്ക്ക് ശേഷം മകന്റെ വാര്‍ത്ത ഉയര്‍ത്തുവരുന്നത് പാര്‍ട്ടിക്കും തലവേദനയാകുകയാണ്. കേരളത്തിലും ദേശീയ തലത്തിലും വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
സി.പിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കുന്ന മലയാളത്തിലെ മുത്തശ്ശിപ്പത്രത്തിന്റെ ഡല്‍ഹി ലേഖകനാണ് ദുബായിലെ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇതാണ് പി.ബിയിലെ ഭിന്നതയിലേക്ക് വിരല്‍ ചൂണ്ടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here