10 വര്‍ഷം മുമ്പ് പുറത്താക്കി, മരിച്ചപ്പോള്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ അനുവദിക്കാതെ കുടുംബം, സി.പി.എം ഓഫീസില്‍ പൊതുദര്‍ശനവും നടന്നില്ല

0

പത്തു വര്‍ഷം മുമ്പ് പാര്‍ട്ടി പുറത്താക്കി, പുറത്താക്കിയ നേതാവിന്റെ മൃതദേഹത്തില്‍ പാര്‍ട്ടി പതാക വേണ്ടെന്ന് കുടുംബം… മുന്‍ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹത്തില്‍ സി.പി.എം പാര്‍ട്ടി പതാക പുതപ്പിക്കാനോ ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കാനോ കുടുംബാംഗങ്ങള്‍ അനുവദിച്ചില്ല.

തിങ്കളാഴ്ച്ച രാവിലെ അന്തരിച്ച സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം ഹൈക്കോടതിയിലും പിന്നെ ബംഗാള്‍ അസംബ്ലി ഹാളിലും പൊതുദര്‍ശനത്തിനു വച്ചു. സി.പി.എം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകുമെന്ന് അഭ്യുഹങ്ങളുണ്ടായെങ്കിലും അതുണ്ടായില്ല. പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന നിപാട് സ്വീകരിച്ചു. എന്നാല്‍ കുടുംബാംഗങ്ങളുടെ ശക്തമായ എതിര്‍പ്പാണ് നീക്കം ഉപേക്ഷിക്കാന്‍ സി.പി.എം നേതാക്കളെ പ്രോരിപ്പിച്ചത്.

2008 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ഒരിക്കല്‍പോലും സി.പി.എമ്മുമായി സമരസപ്പെടാന്‍ തന്റെ പിതാവ് തയ്യാറായില്ലെന്ന് സോമനാഥ് ചാറ്റര്‍ജിയുടെ മകള്‍ അനുശില ബാസു പ്രതികരിച്ചു. അന്ന് പുറത്താക്കുമ്പോള്‍ ചാറ്റര്‍ജിയുടെ ഓഫീസിനോടു ചേര്‍ന്നുള്ള മുറില്‍ ഉണ്ടായിരുന്ന അനുശില അപ്പോഴത്തെ രംഗങ്ങള്‍ ഓര്‍ത്തെടുക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും ഇനി മുതല്‍ സര്‍വ സ്വതന്ത്രനായി വിഹാരിക്കാമെന്നു പറഞ്ഞപ്പോള്‍ പുറത്താക്കിയിട്ടുണ്ടാകില്ല, സസ്‌പെന്‍ഷനായിരിക്കുമെന്നായിരുന്നു ചാറ്റര്‍ജിയുടെ ആദ്യ പ്രതികരണം. താങ്കളെ പുറത്താക്കി എന്ന് കടുപ്പിച്ച് പറഞ്ഞപ്പോള്‍ ആ കണ്ണുകളിലൂടെ കണ്ണീര്‍ വരുന്നത് കണ്ടുവെന്ന് മകള്‍ പറയുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ ഇടപെടലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാക്കിയില്ല. പാര്‍ട്ടി പതാക പുതപ്പിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും സാധ്യമല്ലായെന്ന മറുപടി മാത്രമാണ് തങ്ങള്‍ നല്‍കിയതെന്നും അനുശില ബാസു വ്യക്തമാക്കി.

സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് ദാനം ചെയ്തു. 2010 ല്‍ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ മൃതദേഹവും ഇതേ ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനാണ് നല്‍കിയത്. സോമനാഥ് ചാറ്റര്‍ജിയുടെ കണ്ണുകള്‍ ദാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here