ഡോക്ടറെ കത്തോലിക്കനെന്നു ചാപ്പകുത്തിയോ ? സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയ ‘അജണ്ട’ കത്തിക്കയറുന്നു…

കൊച്ചി | സ്ഥാനാര്‍ത്ഥി ഡോക്ടറാണ്… മുത്താണ്… തൃക്കാക്കരയില്‍ ആദ്യം പുറത്തുവന്ന പേരു തള്ളി, അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കൊച്ചി ലെനിന്‍ സെന്ററില്‍ ഇടതു മുന്നണി പ്രഖ്യാപിച്ചത് കൃത്യമായ കണക്കുകൂട്ടലോടുകൂടിയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനടക്കം സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ ഉയര്‍ത്തിക്കാട്ടിയ ഔദ്യോഗിക വേഷത്തിലുള്ള ജോ ജോസഫിന്റെ ആദ്യ പോസ്റ്ററാണ്. അതിനാല്‍ തന്നെയാകാം, ആശുപത്രിയുടെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ സെക്രട്ടേറിയറ്റ് അംഗം പി. രാജീവും കൂട്ടരും അവിടേക്കു പാഞ്ഞത്.

പി. രാജീവും ജില്ലാ സെക്രട്ടറി മോഹനനുമൊക്കെ അവിടെയെത്തുമ്പോഴേക്കും കലാപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. സഭാ നേതൃത്വം നടത്തുന്ന ആശുപത്രിയുടെ ഔദ്യോഗിക ബാനറില്‍, മറ്റു ഡോക്ടര്‍മാര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥി ജോ ജോസഫ് മാധ്യമങ്ങള്‍ക്കു മുന്നിലുണ്ട്. മാനേജുമെന്റ് പ്രതിനിധികളായി അച്ചന്‍മാരും കസേര പിടിച്ചതോടെ, ആശുപത്രിക്കു മോശമല്ലാത്ത മൈലേജ് കിട്ടി. എന്നാല്‍, കിട്ടിയ കസേരകളില്‍ അമര്‍ന്നിരുന്നുകൊണ്ട് ചടങ്ങിനു ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തല്‍ പരിവേഷം നല്‍കിയവര്‍ സെറ്റ് ചെയ്ത് ‘അജണ്ട’ കത്തികയറുകയാണ്.

പേമെന്റ് സീറ്റ്, സഭയുടെ സ്ഥാനാര്‍ത്ഥി… മതവും രാഷ്ട്രീയവും തമ്മില്‍ ഉണ്ടാകേണ്ട ആരോഗ്യകരമായ അകലം വിസ്മരിക്കപ്പെട്ടതിലൂടെ കത്തോലിക്കക്കാരനെന്ന ചാപ്പ ഡോക്ടര്‍ ജോ ജോസഫിന്റെ മുതുകില്‍ കുത്തപ്പെട്ടോ ? കര്‍ദിനാളോ സഭാ നേതൃത്വമോ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ലെന്നു സീറോ മലബാര്‍ സഭ ഔദ്യോഗികമായി പ്രതികരിക്കേണ്ട നിലയിലേക്കുവരെ ഒരു ദിവസം കൊണ്ട് കാര്യങ്ങള്‍ നീങ്ങി. കര്‍ദിനാള്‍ അനുകൂലികളും അങ്കമാലി അതിരൂപതയും തമ്മിലുള്ള പരസ്യ വാക്‌പോരിനുള്ള പുതിയ വിഷയവുമായി വിഷയം മാറി. സമാദായം ഇക്കുറി ചേരി തിരിഞ്ഞു തെരഞ്ഞെടുപ്പു ബലപരീക്ഷണത്തിനു തുനിയുമോയെന്നതും വൈകാതെ വ്യക്തമാകും.

മണ്ഡലത്തിലെ ക്രൈസ്തവ വിഭാഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതല്ല, അങ്കമാലി അതിരൂപതയുടെ അംഗബലം. അതിനാല്‍ തന്നെ, മറ്റു സമുദായങ്ങളുടെയും ക്രൈസ്തവ വിഭാഗങ്ങളുടെയും നിലപാടും മണ്ഡലത്തിലെ ജനവിധിയില്‍ നിര്‍ണായകമാണ്. ഒരു ഭാഗത്ത് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍ മറുവശത്ത് യു.ഡി.എഫും എല്‍.ഡി.എഫും പ്രവര്‍ത്തനങ്ങളുമായി സജീവമാവുകയാണ്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ആംആദ്മിയും ട്വിന്റി 20യും കൂടിയാലോചിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here