മാണി വരും പിന്നാലെ കോണിയും, സി.പി.ഐയെ പുകച്ചു ചാടിക്കും

0
4

തിരുവനന്തപുരം: കെ.എം. മാണിയുടെ കേരളാകോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തുമോയെന്ന ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ബാര്‍ കോഴക്കേസ് ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തിലെത്തിയ ഇടതുമുന്നണിയില്‍ കലഹത്തിന് വഴിതുറന്നാണ് കെ.എം.മാണി സി.പി.ഐ. തര്‍ക്കം മുറുകുന്നത്. മാണിയെ നല്ലപിള്ളയാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന സി.പി.എം. നേതാക്കള്‍ക്ക് ചുട്ടമറുപടിയുമായി സി.പി.ഐയും രംഗം കൊഴുപ്പിക്കുകയാണ്. എന്നാല്‍ സി.പി.എമ്മിന്റെ യാഥാര്‍ത്ഥ ലക്ഷ്യം മറ്റൊന്നാണെന്നാണ് വെളിപ്പെടുന്ന വിവരം. കെ. എം. മാണിയെ ഇടത് പാളയത്തിലെത്തിക്കുകവഴി ലക്ഷ്യമിടുന്നത് മുസ്ലിംലീഗിന്റെ മുന്നണിമാറ്റത്തിന് കളമൊരുക്കലാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇടതുമുന്നണിയില്‍ 19 സീറ്റുമായി രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ സി.പി.ഐയാണ് സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്നതെന്നാണ് സി.പി.എം. നേതാക്കള്‍ ആരോപിക്കുന്നത്. 19 സീറ്റില്‍ ഒറ്റസീറ്റുപോലും സി.പിഎമ്മിന്റെ സഹായമില്ലാതെ ജയിച്ചുകയറാന്‍ സി.പി.ഐയ്ക്ക് കഴിയുകമില്ല. എന്നിട്ടും തങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്ന ലേബല്‍ ചാര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ തടസപ്പെടുത്തുന്നതും കാനം രാജേന്ദ്രന്റെ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ സി.പി.ഐയെ പുകച്ചുപുറത്തുചാടിക്കുകയാണ് ലക്ഷ്യം. കെ.എം. മാണിയെ മുന്നണിയിലെടുത്താലും പ്രശ്‌നം തീരില്ല. ആ തീരുമാനത്തിന്റെ പേരില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുവോട്ടുകളില്‍ വിള്ളല്‍ വീണാലും പിടിച്ചുനില്‍ക്കാന്‍ മുസ്ലിംലീഗിന്റെ വരവ് തുണയാകും. ഇത് യാഥാര്‍ത്ഥ്യമായാല്‍ മലപ്പുറം ചുവപ്പിക്കാനും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും സി.പി.എമ്മിന് കഴിയും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ മുന്നോട്ടുപോകണമെന്ന നിലപാട് സി.പി.എം. കരട് രാഷ്ട്രീയ പ്രേമയത്തില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ പിണറായി വിജയനടക്കമുള്ള കേരളഘടകത്തിന്റെ ഉറച്ച നിലാപാടായിരുന്നു. ലീഗ് കൂട്ടുകെട്ടില്‍ കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്യാന്‍ സി.പി.എമ്മിനാകുകയും ചെയ്യും. ഇതോടെ നില്‍ക്കണോ പോണോ എന്ന്, 19 സീറ്റുമായി വെല്ലുവിളി തുടരുന്ന സി.പി.ഐ തീരുമാനമെടുത്തോളും.

മുസ്ലിംലീഗുമായും കുഞ്ഞാലിക്കുട്ടിയുമായും നല്ല ബന്ധം സൂക്ഷിക്കുന്ന കെ.എം.മാണിക്ക് ഈ ലക്ഷ്യം നിറവേറ്റാനുകുമെന്നതില്‍ സി.പി.എം. ഇടുക്കി നേതാക്കള്‍ക്ക് ഉറപ്പുണ്ട്. ദേശീയ തലത്തില്‍ ഇനി അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് തിരിച്ചുവരവ് സാധ്യമല്ലെന്നുതന്നെയാണ് ലീഗ് വിലയിരുത്തുന്നത്. ബി.ജെ.പിയെ എതിര്‍ക്കാന്‍ ഇടതുമുന്നണിക്കേ കഴിയൂവെന്ന പ്രചാരണത്തോടെ ഇടത്പാളയത്തിലെത്തിയാലും അണികള്‍ ഒപ്പമുണ്ടാകും.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി. വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന പ്രചരണമാണ് മുസ്ലിംവോട്ടുകളെ ഇടതുപാളയത്തിലെത്തിച്ചത്. കോണ്‍ഗ്രസ് പരാജയഭീഷണി നേരിടാത്ത സീറ്റുകളിലും ഇടതുമുന്നണി ജയിച്ചുകയറിയത് ഇടത്തോട്ടു തിരിഞ്ഞ മുസ്ലിംവോട്ടുകളുടെ ബലത്തിലാണ്. കേരളത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി തീരെ ദുര്‍ബലമാണ്. അടുത്ത തെരഞ്ഞെടുപ്പിലും തോറ്റാല്‍, ഭരണമില്ലാത്ത മുന്നോട്ടുപോക്ക് ലീഗിന് ചിന്തിക്കാനാവില്ല. ബി.ജെ.പിയെ എതിര്‍ക്കാനും ഭരണത്തില്‍ പങ്കാളിയാകാനും പറ്റിയ കൂട്ട് ഇടതുപക്ഷമാണെന്ന് പല ലീഗ് നേതാക്കള്‍ക്കും അഭിപ്രായവുമുണ്ട്. മാണി ഇടതുപാളയത്തിലെത്തിയാല്‍ കേരളരാഷ്ട്രീയം മാറിമറിയുമെന്നതില്‍ തര്‍ക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here