‘ആന കരിമ്പില്‍ തോട്ടത്തില്‍ കയറിയ അവസ്ഥ’ അക്ഷരാര്‍ത്ഥത്തില്‍ ത്രിപുര സി.പി.എമ്മിന്റെ സ്ഥിതി ഇതാണ്. സി.പി.എം ശക്തി കേന്ദ്രങ്ങള്‍ ബി.ജെ.പിക്ക് ബാലി കയറാ മലയാണെന്ന ചിന്ത ഇനി സി.പി.എമ്മിനുണ്ടാകില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ശക്തമായി പ്രതിരോധിച്ചു നിര്‍ത്തിയിട്ടുണ്ടെന്നു വിശ്വസിച്ചിരുന്ന ത്രിപുരയിലെ നേതൃത്വത്തിന് കാലിനടിയിലെ മണ്ണൊലിച്ചു പോയെന്ന തിരിച്ചറിവുണ്ടായത് ദിവസങ്ങള്‍ക്കു മുമ്പു മാത്രം.
തെരഞ്ഞെടുപ്പില്‍ തിരിച്ചടി കണക്കു കൂട്ടിയെങ്കിലും അത് സീറ്റെണ്ണത്തിലെ കുറവില്‍ തീരുമെന്ന് കരുതി. എന്നാലത് അടിവേററുക്കുന്ന രീതിയിലാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ സംഭവിച്ച മിന്നലാട്ടം കൃത്യമായി മനസിലാക്കാനുള്ള പഠനങ്ങളാകാം. എന്നാല്‍, മൃഗീയ ഭൂരിപക്ഷവുമായി അധികാരകസേരയില്‍ അമര്‍ന്നു കഴിഞ്ഞ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ത്രിപുരയില്‍ ഇനി സി.പി.എമ്മിനു സാധിക്കുമോ ?.
36 വര്‍ഷം ഭരിച്ച ബംഗാളില്‍, അധികാരം നഷ്ടപ്പെട്ട സി.പി.എമ്മിന് മമതാ ബാനര്‍ജിയോട് പടവെട്ടി നില്‍ക്കാന്‍ കഴിയുന്നില്ല. മമതയ്ക്കു പുറമേ ബി.ജെ.പിയുടെ ദൃഷ്ടിയും അവിടെ ശക്തമായി തന്നെ പതിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ തിരിച്ചറിവാണ് കോണ്‍ഗ്രസ് സഹകരണത്തെക്കുറച്ച് ബംഗാള്‍ ഘടകത്തെ ചിന്തിപ്പിച്ചതെങ്കില്‍, ത്രിപുര ഘടകത്തിനു മുന്നിലും വരും ദിവസങ്ങളില്‍ മറ്റു മാര്‍ഗമില്ലാതാകും. 25 വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന സി.പി.എമ്മിനെതിരെ, പ്രചാരണവേളയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ അവിടത്തെ ഭരണസിരാ കേന്ദ്രത്തില്‍ നിന്നുതന്നെ ബി.ജെ.പി കടഞ്ഞെടുത്താല്‍ കൂടുതല്‍ പ്രതിരോധത്തിലേക്കാകും സി.പി.എം വഴുതും.
ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സി.പി.എമ്മുനുള്ളില്‍ പുതിയ ഗതി കൈവരുമെന്നാണ് സൂചനകള്‍. പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പുതന്നെ ഇതു സംഭവിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തിലും ജനറല്‍ സെക്രട്ടറി കസേരയില്‍ യെച്ചൂരിയുടെ ഭാവിയിലും ഇക്കാര്യം നിര്‍ണ്ണായകമാവുകയും ചെയ്യും. കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്താന്‍ പ്രകാശ് കാരാട്ടിനൊപ്പം അണിചേര്‍ന്ന കേരള ഘടകം നേതാക്കളുടെയും നെഞ്ചിടിപ്പ് ത്രിപുര ഫലം കൂട്ടിയിട്ടുണ്ട്.
അവശേഷിക്കുന്നത് കേരളമാണ്. ഇവിടുത്തെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണെങ്കിലും ബി.ജെ.പിയുടെ അപകട കരമായ മുന്നേറ്റം സംസ്ഥാന സമ്മേളനത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. കാല്‍നൂറ്റാണ്ട് ഭരിച്ചിടത്ത് സ്ഥിതി ഇതെങ്കില്‍, കേരളത്തില്‍ എങ്ങനെ ബി.ജെ.പിയെ പ്രതിരോധിക്കുമെന്ന് ഒപ്പം നില്‍ക്കുന്ന അണികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ടി വരും. ജനകീയ വിഷയങ്ങളില്‍ മുഖ്യപ്രതിപക്ഷത്തിന്റെ റോളിലേക്ക് ഉയര്‍ന്നു കഴിഞ്ഞു കേരളത്തിലെ ബി.ജെ.പി. അതിനാല്‍ തന്നെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പുതിയ തന്ത്രങ്ങളുടെ പരീക്ഷണ കളരിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here