വാളെടുത്ത് ബല്‍റാം, ഷാഫി, ഹൈബി… കുര്യനും തങ്കച്ചനും വിശ്രമം ലഭിച്ചേക്കും, ചര്‍ച്ചകള്‍ സജീവം

യുവതലമുറയുടെ ആത്മവിമര്‍ശനം മുതിര്‍ന്നവര്‍ ഏറ്റെടുക്കുമോ തള്ളുമോ ?

0

ചെങ്ങന്നൂരിലേറ്റ കനത്ത തിരിച്ചടിയില്‍ ‘ബാലന്‍സ് തെറ്റിയ’ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി യുവനേതാക്കളുടെ കടന്നാക്രമണം. വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.ജെ. കുര്യനെ പരിഗണിക്കാനോ കണ്‍വീനര്‍ സ്ഥാനത്ത് തങ്കച്ചനെ തുടരാനോ അനുവദിക്കില്ലെന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പാള്‍ സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണിയിലും ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് മൗനം പാലിക്കേണ്ടി വന്നേക്കും.
ഗ്രൂപ്പു വ്യത്യാസമില്ലാതെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് യുവശബ്ദം ഇക്കുറി ഉയരുന്നത്. അതിനാല്‍ തന്നെ വീതംവയ്പ്പിനപ്പുറത്തേക്ക് കാര്യങ്ങള്‍പോകുമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം. അസംതൃപ്തരേയും മറ്റ് സ്ഥാനങ്ങള്‍ ലഭിക്കാത്തവരെയും അക്കോമഡേറ്റ് ചെയ്യാനുള്ള വേദിയായി രാജ്യസഭാ സീറ്റും പുന:സംഘടനയും മാറില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.

വി.എം.സുധീരന്‍, കെ. മുരളീധരന്‍, വി.ഡി. സതീശന്‍ തുടങ്ങി വലിയൊരു വിഭാഗം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. പിന്നാലെ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, ഹൈബി ഈഡന്‍, റോജി എം. ജോണ്‍, അനില്‍ അക്കര
എന്നിവര്‍ ശക്തമായ  പ്രതിഷേധമുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ എത്തുന്നതാണ് കണ്ടത്. യുവ എം.എല്‍.എമാരുടെ നീക്കം സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ലെന്നു ഷാഫി പറമ്പില്‍ പറഞ്ഞുവയ്ക്കുന്നു. പാര്‍ലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികള്‍ കുത്തകയാക്കുന്നത് ജനാധിപത്യത്തിന് പൊതുവിലും കോണ്‍ഗ്രസിനു പ്രത്യേകിച്ചും ഭൂഷണമല്ലെന്നു പറയുന്ന ബല്‍റാം യോഗ്യരായവരുടെ പട്ടികയും അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്ന് ഹൈബി ഈഡനും ഫേസ്ബുക്കില്‍ കുറിക്കുന്നു. സി.പി.എം പാര്‍ലമെന്ററി രംഗത്തേക്കു കൊണ്ടുവന്ന യുവതലമുറയെ കുറിച്ച് വിശദീകരിക്കുന്ന ഹൈബി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചില വ്യക്തികള്‍ക്കു മാത്രമായി പാര്‍ട്ടി അധ:പതിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ രാജ്യത്തിന്റെ ആത്മാവ് തന്നെയായ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന അപചയം പ്രസ്ഥാനത്തിനപ്പുറം വ്യക്തികള്‍ വളര്‍ന്നുവെന്നതാണ്. നേതാക്കന്മാരുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറി. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. ജനങ്ങള്‍ കാംക്ഷിക്കുന്നത് പുതിയ പരിപാടികളും പുതിയ രീതിയുമാണ്. ആ മാറ്റം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായില്ലെങ്കില്‍ അത് ജനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തും. പാര്‍ലമെന്റിനെ മാനിക്കാത്ത, ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന, സര്‍ക്കാര്‍ തന്നെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുത്. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ വാര്‍ദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ്. ശ്രീ.പി ജെ കുര്യന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ത്യാഗഭരിതമായ പ്രവര്‍ത്തനം കാഴ്ച വച്ച നേതാവാണ്. എന്നാല്‍ പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാന്‍ പുതിയ ഊര്‍ജ്ജം, പുതിയ മുഖം ആവശ്യമാണ് എന്നത് മറ്റാരേക്കാളും അദ്ദേഹം തന്നെ തിരിച്ചറിയണം.

മറുഭാഗത്ത് ഓര്‍മ്മയില്‍ വരുന്ന പേരുകള്‍ വച്ച് നോക്കിയാല്‍ സി.പി.എം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, ബ്രിന്ദ കാരാട്ട്, ചന്ദ്രന്‍ പിള്ള, പി. രാജീവ്, കെ.കെ. രാഗേഷ് ഉള്‍പ്പടെ നിരവധി പുതുമുഖങ്ങള്‍ക്ക് രാജ്യസഭയില്‍ അവസരം നല്‍കി എന്നത് നാം മറന്നുകൂടാ. മറ്റു പാര്‍ട്ടികള്‍ തങ്ങളുടെ യുവരക്തങ്ങളെ രാജ്യസഭയിലേക്കയച്ച് കൂടുതല്‍ മികച്ച പാര്‍ലമെന്റെറിയന്‍മാരെ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ പാര്‍ട്ടി അസംതൃപ്തരെയും മറ്റ് സ്ഥാനങ്ങള്‍ ലഭിക്കാത്തവരെയും അക്കോമഡേറ്റ് ചെയ്യാനുള്ള വേദിയായി രാജ്യസഭയെ മാറ്റുന്നതു നീതികേടാണ്.

പുതുമുഖം എന്ന് പറയുമ്പോള്‍ യുവാക്കള്‍ എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്, പ്രായഭേദമന്യേ പുതിയ വ്യക്തികള്‍ക്ക് അവസരം കൊടുക്കണം. കേരളത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാളിതു വരെ സാവിത്രി ലക്ഷ്മണന്‍ എന്ന ഒരു സ്ത്രീ മാത്രമാണ് പാര്‍ലമെന്റില്‍ എത്തിയിട്ടുള്ളത്, അതും ലോകസഭയില്‍ എന്നത് നാം ഓര്‍ക്കണം. യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കുമെല്ലാം അവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമായി ഈ പാര്‍ട്ടി അധഃപതിക്കുന്ന സാഹചര്യം ഉണ്ടാവും. അത് ഭൂഷണമല്ല. പുതിയ ചിന്തകള്‍, പുതിയ നേതൃത്വം, പുതിയ രീതികള്‍ ഇതൊക്കെയാണ് കാലം നമ്മളില്‍ നിന്ന് ആവശ്യപ്പെടുന്നത്.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നു. ഒഴിവുള്ള മൂന്ന് സീറ്റുകളില്‍ ഒരെണ്ണത്തില്‍ യു.ഡി.എഫിനാണ് വിജയ സാധ്യത. മുന്നണി ധാരണ പ്രകാരം ഇത്തവണ കോണ്‍ഗ്രസിനാണ് ആ സീറ്റ് ലഭിക്കുന്നത്.

പാര്‍ലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികള്‍ കുത്തകയാക്കുന്നത് ജനാധിപത്യത്തിന് പൊതുവിലും കോണ്‍ഗ്രസ് സംഘടനക്ക് പ്രത്യേകിച്ചും അത്ര ഭൂഷണമല്ല. ചില ഉന്നത നേതാക്കന്മാര്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിലനില്‍ക്കേണ്ടത് സംഘടനയുടെ വിശാല താത്പര്യങ്ങള്‍ക്ക് ഗുണകരമായേക്കാം. ചില പാര്‍ലമെന്റ്/അസംബ്ലി മണ്ഡലങ്ങളില്‍ വിജയസാധ്യത പരിഗണിച്ചും ചിലരെ ആവര്‍ത്തിച്ച് മത്സരിപ്പിക്കേണ്ടി വന്നേക്കാം. എന്നാല്‍ പാര്‍ട്ടി എംഎല്‍എമാരുടെ വോട്ട് കൊണ്ട് വിജയം സുനിശ്ചിതമായ രാജ്യസഭയിലേക്ക് അങ്ങനെ ചിലര്‍ക്ക് മാത്രം വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്ത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണ്.

രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്‌സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും.

പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടത്. ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി. സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരു വനിതയോ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയോ മലബാര്‍ ജില്ലകളില്‍ നിന്നുള്ള ഒരു നേതാവോ ഒക്കെ പരിഗണിക്കപ്പെടുന്നതും ഉചിതമായിരിക്കും.

ഇത്തരം പലവിധ പരിഗണനകള്‍ വച്ചുകൊണ്ട് തഴെപ്പറയുന്ന പേരുകള്‍ (മുന്‍ഗണനാടിസ്ഥാനത്തിലല്ല ) പരിഗണിക്കാവുന്നതാണെന്ന് തോന്നുന്നു:

ഷാനിമോള്‍ ഉസ്മാന്‍: എഐസിസി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. മികച്ച സംഘാടക, വാഗ്മി.

ഡോ.മാത്യു കുഴല്‍നാടന്‍: പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറി. നിയമ, സാമ്പത്തിക കാര്യ വിദഗ്ദന്‍.

ടി.സിദ്ധീഖ്: കോഴിക്കോട് ഡിസിസി പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട്, മികച്ച സംഘാടകന്‍, പ്രഭാഷകന്‍.

എം.ലിജു: ആലപ്പുഴ ഡിസിസി പ്രസിഡണ്ട്, രാഷ്ട്രീയ കാര്യ സമിതി അംഗം, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. നല്ല സംഘാടകന്‍.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍: മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി, സേവാദള്‍ മുന്‍ സംസ്ഥാന ചെയര്‍മാന്‍, മികച്ച പ്രഭാഷകന്‍.

അര്‍ഹതപ്പെട്ട നിരവധി പേര്‍ ഇനിയും ഈ പ്രസ്ഥാനത്തിലുണ്ട്, എന്നാലും കാര്യമായ അവസരങ്ങള്‍ ഇതുവരെ ലഭിക്കാത്ത ചിലരുടെ പേരുകള്‍ പ്രത്യേകമായി എടുത്തു പറയുന്നു എന്നേയുള്ളൂ. ഇക്കൂട്ടത്തില്‍പ്പെട്ട ആരെങ്കിലുമാണ് രാജ്യസഭ സ്ഥാനാര്‍ത്ഥി എങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിനേ സംബന്ധിച്ച് അതൊരു പുതിയ തുടക്കമായിരിക്കും. പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമുള്ള ക്രിയാത്മകമായ ഒരു സന്ദേശമായിരിക്കും.

ഈ ദിശയിലുള്ള അഭിപ്രായങ്ങള്‍ ബഹുമാന്യനായ അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷനെയും മറ്റ് മുതിര്‍ന്ന നേതാക്കളേയും ഉചിതമാര്‍ഗേന അറിയിക്കുന്നുണ്ട്. ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ ഒരു പൊതു ചര്‍ച്ച ഉണ്ടാവുന്നതിലും അപാകതയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയും പറയുന്നത്. അതുള്‍ക്കൊള്ളാനും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനും കഴിയുന്നവരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ എന്നാണ് എന്റെ പ്രതീക്ഷ.

#ChangeIsNow

ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ! എല്ലാവരും ഉത്തരവാദികളാണ്.
എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.
ഈ കുറിപ്പ് എഴുതുന്ന എനിക്കുള്‍പ്പടെ….
സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല…

ആദ്യം വേണ്ടത് ആത്മവിമര്‍ശനം തന്നെയാണ് ഉപരിതലത്തിലെ ഷോ വര്‍ക്കുകള്‍ക്കപ്പുറത്തേയ്ക്ക് മാധ്യമ വാര്‍ത്തകളോടുള്ള പ്രതികരണങ്ങളായ സമരങ്ങള്‍ക്കുമപ്പുറത്തേക്ക് താഴെ തട്ടില്‍ യുവജന സംഘടന കെട്ടിപ്പടുക്കാന്‍ ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ എന്തു ചെയ്തു.? രണ്ടു തവണ MLA ആയ എന്റെ നിയോജക മണ്ഡലത്തിലുള്‍പ്പടെ പ്രവര്‍ത്തിക്കുന്ന എത്ര ബൂത്ത് കമ്മറ്റികളുണ്ട് യൂത്ത് കോണ്‍ഗ്രസിന്?

നവമാധ്യമങ്ങളിലെ ലൈക്കിനപ്പുറത്തേക്ക് ജനങ്ങളിലേയ്ക്ക് എത്തിയ എത്ര ക്യാമ്പയിന്‍ സംഘടനാപരമായി ഏറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞു. നേതാക്കള്‍ക്കെതിരെ രോഷപ്രകടനം നടത്തുന്ന ഞാനും നിങ്ങളും നമ്മുടെ കാലത്ത് ചെറുപ്പക്കാരെ കൂടെ നിര്‍ത്തുന്ന കാര്യത്തില്‍ എത്രമാത്രം വിജയിച്ചു.

അവരെ ബാധിക്കുന്ന എത്ര വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിച്ചു.ആദ്യം മാറ്റം വേണ്ടത് നമുക്ക് തന്നെയാണ്, നമ്മുടെ ശൈലിക്കു തന്നെയാണ്.കടലാസില്‍ എഴുതി കൊടുക്കുന്ന ബൂത്ത് ,മണ്ഡലം കമ്മിറ്റികള്‍ക്കപ്പുറത്തേക്ക് ജീവനുള്ള സംഘടനാ സംവിധാനം ഉണ്ടാക്കി എടുക്കുന്നതിന് തീവ്രപരിശ്രമം നാം നടത്തേണ്ടിയിരിക്കുന്നു. നാം വിമര്‍ശിക്കുന്നവരുടെ കാലത്തെ യൂത്ത്‌കോണ്‍ഗ്രസ് ,KSU ശക്തി തിരികെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അതുകൊണ്ട് ആദ്യം നമുക്ക് മാറാം.അനിവാര്യമായ തിരിച്ചുവരവിന് ഊര്‍ജ്ജസ്വലരായി രംഗത്തിറങ്ങാം… യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനാ നടപടികള്‍ അധികം വൈകാതെ ആരംഭിക്കുകയാണെന്ന് മനസ്സിലാക്കുന്നു.

നേതാക്കന്‍മാരോട്…..

കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ മറക്കരുത്.നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.
അത് അറിയാവുന്ന നിങ്ങള്‍
എടുക്കേണ്ട തീരുമാനങ്ങള്‍ സമയത്തെടുക്കണം. ആരെയും പിണക്കാത്ത ബാലന്‍സിങ്ങ് അല്ല പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ആവശ്യം.
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആര്‍ജ്ജവവും കരുത്തുമാണ് തീരുമാനങ്ങളില്‍ പ്രകടമാകേണ്ടത്. ചില കാര്യങ്ങളോടും, ചിലരോടും ,ചിലപ്പോഴെങ്കിലും അവനവനോടും ‘No ‘ പറയാനുള്ള ശേഷി നിങ്ങള്‍ വീണ്ടെടുക്കേണ്ടിയിരിക്കന്നു.
ഇല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാനകാലം മാത്രമല്ലാ ഭാവിയും കൂടി ആശങ്കയിലാവുകയാണ്..

കെ.പി.സി.സി യും യൂത്ത് കോണ്‍ഗ്രസ്സും പുനസംഘടന ഉടന്‍ നടക്കാന്‍ പോവുകയാണെന്ന് അറിയുന്നു. അനിവാര്യമാണത്

രാജ്യസഭ..

ഞാന്‍ ജനിച്ചത് 1983ല്‍, 1983 മുതല്‍ ഇങ്ങോട്ടു പരിശോധിക്കുമ്പോള്‍ എന്റെ അറിവ് ശരിയാണെങ്കില്‍ ഇടക്കാലത്തേക്കും ,6 വര്‍ഷത്തെ മുഴുവന്‍ കാലയളവിലേക്കുമായി ഏകദേശം 20 ടേമിലുകളിലായി കോണ്‍ഗ്രസിന് രാജ്യസഭ മെമ്പര്‍മാര്‍ ഉണ്ടായി. ഈ കാലയളവില്‍ കോണ്‍ഗ്രസ് അവസരം കൊടുത്തത് വെറും 6 പേര്‍ക്ക് മാത്രം. ഇതര പ്രസ്ഥാനങ്ങള്‍ 15 പേരെ രാജ്യസഭയിലേക്ക് അയച്ചപ്പോഴാണെന്ന് ഓര്‍ക്കണം .

അനിവാര്യരായ നേതാക്കന്‍മാര്‍ തുടരുന്നത് മനസ്സിലാക്കാം എല്ലാവരും അനിവാര്യരാവുന്നത് ഇനി തുടരാന്‍ കഴിയില്ല. 1980 മുതല്‍ 1999 വരെ 6 തവണ ലോകസഭയിലേക്ക് P. J കുര്യന്‍ സാര്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ വില കുറച്ച് കാണുന്നില്ല.തിരഞ്ഞെടുപ്പുകളില്‍ ജയിക്കുക എന്നത് നിഷ്പ്രയാസം സാധിക്കുന്ന കാര്യവുമല്ല.പല സീറ്റുകളും നമുക്ക് നഷ്ടപ്പെട്ടതോര്‍ക്കുമ്പോള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതിന്റെ പ്രാധാന്യവും മനസ്സിലാവും.
2005 മുതല്‍ കുര്യന്‍ സാര്‍ രാജ്യസഭയിലുണ്ട് .നിലവില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമാണ്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാന്‍ അദ്ദേഹം തയ്യാറാവണം. ചെറുപ്പക്കാരന് കൊടുക്കണമെന്ന നിര്‍ബന്ധ ബുദ്ധിയല്ല മറിച്ച് ഒരു പുതുമുഖത്തെയെങ്കിലും പരിഗണിക്കണമെന്ന അനിവാര്യതയാണ് ചൂണ്ടി കാണിക്കുന്നത്.രാജ്യസഭയിലേക്ക് പുതുമുഖം വന്നേ പറ്റൂ..

യു.ഡി.എഫ് കണ്‍വീനര്‍..

അനാരോഗ്യം മൂലം വൈക്കം വിശ്വന്‍ സ്ഥാനം ഒഴിയുന്നതിന്റെ വാര്‍ത്തകള്‍ കണ്ടു .
പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫ് ന് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് നേതൃത്വം നല്‍കാനും , പ്രവര്‍ത്തകരെ സമരസജ്ജരക്കാനും പി.പി തങ്കച്ചന്‍ സാറിന്റെ ആരോഗ്യം അനുവദിക്കില്ലെന്ന് അദ്ദേഹത്തിനും പാര്‍ട്ടിക്കും നന്നായി അറിയാം .
എന്നിട്ടും അനുയോജ്യനായ ഒരാളെ ആ ചുമതല ഏല്‍പ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം കാണിക്കുന്ന അലംഭാവം യാതൊരു കാരണവശാലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല .

കെ പി സി സി യിലും യൂത്ത് കോണ്‍ഗ്രസിലും നല്ല മാറ്റങ്ങള്‍ ആസന്നമാണെന്ന് അറിയുന്നു .
വെല്ലുവിളികള്‍ ഉണ്ടാവുമ്പോള്‍ തോറ്റോടുന്നവരല്ല പാര്‍ട്ടി നേതാക്കന്മാരും , പ്രവര്‍ത്തകരും . മറിച്ച് അതിനെയെല്ലാം ക്രിയാത്മകമായി അതിജീവിക്കുന്നവരാണ്.

സൈബര്‍ സഹപ്രവര്‍ത്തകരോട് …
ഒരു ഉപ തെരഞ്ഞെടുപ്പ് തോല്‍വി കൊണ്ട് ലോകം അവസാനിക്കുകയാണെന്ന മട്ടില്‍ പെരുമാറരുത്
വിമര്‍ ശനങ്ങള്‍ ക്രിയാത്മകവും വസ്തുതാപരവുമായിരിക്കണം. നേതാക്കന്മാരെ തെറി വിളിക്കുമ്പോള്‍ കിട്ടുന്ന ലൈക്കിലായിരിക്കരുത് കണ്ണ്. പാര്‍ട്ടി പദവിയിലിരിക്കുന്നവരുടെ ഫോട്ടോ വെച്ച് അപഹസിക്കുന്നവര്‍ പാര്‍ട്ടിക്കു തന്നെ അവമതിപ്പുണ്ടാക്കിയെന്ന് തിരിച്ചറിയണം.പിറവവും അരുവിക്കരയും, നെയ്യാറ്റിന്‍കരയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ സൈബര്‍ സഖാക്കന്‍മാര്‍ ദാഹിച്ചത് പിണറായി വിജയന്റെ രക്തത്തിനല്ല .അവര്‍ അപ്പോഴും വേട്ടയാടിയിരുന്നത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നെന്ന് ഓര്‍മ്മിപ്പിക്കുന്നു.

അനിവാര്യമായ മാറ്റങ്ങള്‍ നമ്മളില്‍ നിന്ന് തന്നെ തുടങ്ങണം.സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല എന്ന് നേതൃത്വവും തിരിച്ചറിയട്ടെ..

Shafi Parambil


Loading...

LEAVE A REPLY

Please enter your comment!
Please enter your name here