പി.ജെ. കുര്യന്‍ വീണ്ടും രാജ്യസഭാ ഉപാധ്യക്ഷനാകും, കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ?

1

പി.ജെ. കുര്യന്‍, കെ.വി. തോമസ്, പി.സി. ചാക്കോ, കെ. സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍… പുന:സംഘടന കേരളത്തില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തുമോയെന്ന ആശങ്കയില്‍ ഹൈക്കമാന്റ്.

ഗ്രൂപ്പ് വീതം വയ്പ്പില്‍ താഴെ തട്ടില്‍ നിര്‍ജീവമായ കോണ്‍ഗ്രസ് സംസ്ഥാനത്ത് അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. രാജ്യസഭാ സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അരങ്ങേറുന്നത് സാമ്പിള്‍ വെടിക്കെട്ടാണെന്നാണ് ലഭിക്കുന്ന വിവരം. ഏതുരീതിയിലും കേരളത്തില്‍ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ സീറ്റിന്റെ പേരില്‍ വാളെടുത്തിരിക്കുന്ന നേതാക്കളെ സംശയത്തോടെ നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാരും. എന്നാലിക്കാര്യം പരസ്യമായി പറയാനോ സമ്മതിക്കാനോ ആരും തയാറല്ല.

ജില്ലാതലങ്ങളിലും താഴെതട്ടിലും ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതാണ് നേതൃത്വത്തിന് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഗ്രൂപ്പുകളുടെ ഭാഗമാല്ലാതെ നില്‍ക്കുന്ന പ്രാദേശിക ജില്ലാ നേതാക്കളും കൈവിട്ടുപോകുമോയെന്നാണ് ആശങ്ക. അടുത്ത ആഴ്ചയില്‍ പല ജില്ലകളിലും ഗ്രൂപ്പില്ലാ നേതാക്കള്‍ യോഗം ചേരാന്‍ നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാനും ഗ്രൂപ്പുകള്‍ക്ക് സാധിക്കുന്നില്ല.

അപ്രതീക്ഷിതമായി രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട പി.ജെ. കുര്യന്‍, ഡല്‍ഹി വിട്ട് കേരളത്തിലേക്ക് പ്രവര്‍ത്തനം മാറ്റേണ്ടിവരുന്ന പി.സി. ചാക്കോ എന്നിവര്‍ അതൃപ്തരാണ്. ഒരുതവണ കൂടി രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തിനു ചരടു വലിക്കുന്നതിനിടെയാണ് കേരളത്തില്‍ നിന്ന് കുര്യനെ മൂടോടെ വെട്ടിയത്. രാജ്യസഭാ ഉപാധ്യക്ഷന്‍സ്ഥാനമോ ഗവര്‍ണര്‍ സ്ഥാനമോ നല്‍കാമെന്നാണ് കുര്യനു ലഭിച്ച വാഗ്ദാനമെന്നാണ് അഭ്യൂഹം.

മുല്ലപ്പള്ളി രാമചന്ദ്രനെ മറികടന്ന് കെ.പി.സി.സി. പ്രസിഡന്റ് ആകാനുള്ള പതിനെട്ടടവും പയറ്റുകയാണ് കെ. സുധാകരന്‍. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം പോലും സുധാകരനെയോ ഒപ്പമുള്ളവരെയോ തൃപ്തിപ്പെടുത്തുന്നില്ല. ഇവരില്‍ പലരുമായും ബി.ജെ.പി നേതൃത്വം നിരന്തരം ബന്ധപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുന:സംഘടന നടക്കുന്നതോടെ കൂട്ടത്തോടെ ഒരു വിഭാഗത്തെ ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നേതാക്കന്മാരെ രാജ്യസഭാ സീറ്റിലൂടെ വെട്ടിനിരത്തിയത് ബൂമറാങാകുന്നതിന്റെ പിരിമുറുക്കം കോണ്‍ഗ്രസില്‍ വ്യക്തമാണ്. പ്രതിഷേധിച്ച നേതാക്കള്‍ക്കു പുറമേ മറ്റു ചില നേതാക്കളെയും ഗ്രൂപ്പുകള്‍ ഏതാനും ദിവസങ്ങളായി സംശയത്തോടെയാണ് നോക്കുന്നത്.

എ, ഐ ഗ്രൂപ്പുകളുടെ വീതം വയ്പ്പില്‍ ശ്വാസംമുട്ടുന്ന നേതാക്കളുടെ പൊട്ടിത്തെറി ആസന്നമാണെന്ന് ഗ്രൂപ്പ് നേതാക്കന്മാര്‍ക്ക് ബോധ്യമുണ്ട്. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തോടെ കാര്യങ്ങള്‍ തണുപ്പിക്കാനുള്ള നീക്കം പുര്‍ണ്ണമായും പരാജയപ്പെട്ട അവസ്ഥയാണ്. പുകച്ചു പുറത്തു ചാടിച്ചതിന്റെ കലിപ്പ് സുധീരന്‍ യോഗം കഴിഞ്ഞു പുറത്തിറങ്ങിയും തീര്‍ത്തതോടെ എരിതീയില്‍ എണ്ണയൊഴിച്ച അവസ്ഥയിലായി കോണ്‍ഗ്രസ്.


Loading...

1 COMMENT

  1. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ഗുണം ചെയ്യുക BJP ക്ക് മാത്രമായിരിക്കുമെന്ന് നേതാക്കള്‍ ഓര്‍ത്താല്‍ നല്ലത്

LEAVE A REPLY

Please enter your comment!
Please enter your name here