ഡല്‍ഹി: എറണാകുളത്തും കാസര്‍കോട്ടും പൊട്ടിത്തെറി സൃഷ്ടിച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങള്‍ ഒഴികെയുള്ള 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
എറണാകുളത്ത് സിറ്റിംഗ് എം.പി. കെ.വി. തോമസിനെ തള്ളി ഹൈബി ഈഡന് എം.എല്‍.എയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തീരുമാനത്തിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി കെ.വി. തോമസ് രംഗത്തെത്തി. കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായതോടെ ജില്ലാ കമ്മിറ്റിയില്‍ കലാപക്കൊടി ഉയര്‍ന്നു. ഒരു വിഭാഗം രാജിവയ്ക്കുമെന്ന് നിലപാടിലാണ്.
തിരുവനന്തപുരത്ത് ശശി തരൂര്‍, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട ആന്റോ ആന്റണി, ഇടുക്കി ഡീന്‍ കുര്യാക്കോസ്, എറണാകുളം ഹൈബി ഈഡന്, തൃശൂര്‍ ടി.എന്‍ പ്രതാപന്, ചാലക്കുടി ബെന്നി ബെഹന്നാന്, ആലത്തൂര്‍ രമ്യാ ഹരിദാസ്, പാലക്കാട് വി.കെ. ശ്രീകണ്ഠന്, കോഴിക്കോട് എം.കെ. രാഘവന്, കണ്ണൂര്‍ കെ.സുധാകരന്, കാസര്‍കോട് രാജ്്മോഹന്‍ ഉണ്ണിത്താന് എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനെ നേരത്തെ തീരുമാനിച്ചുവെങ്കിലും ഇക്കാര്യം പ്രഖ്യാപനമുണ്ടായിട്ടില്ല. ജയരാജനെ നേരിടാന്‍ വിദ്യാബാലന് മതിയോയെന്ന ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. വയനാട് മണ്ഡലത്തിന്റെ കാര്യത്തിലാണ് ശക്തമായ തര്‍ക്കം നിലനില്‍ക്കുന്നത്.