മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് 8 ലക്ഷം രൂപ സിപിഎം നല്‍കുമെന്ന് സൂചന

0
4

തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച 8 ലക്ഷം രൂപ സിപിഎം നല്‍കുമെന്ന് സൂചന.സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പണം നല്‍കി തടിയൂരാന്‍ പാര്‍ട്ടിയുടെ നീക്കം. ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളും. ഹെലികോപ്റ്റര്‍ വിവാദത്തില്‍ യാത്രയ്ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചതില്‍ റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും ഏറ്റുമുട്ടിയിരുന്നു. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന് മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചിരുന്നു. അതേസമയം വിവാദ ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം ഉത്തരവിന്‍റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിഞ്ഞു. ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയ പോലീസ് മേധാവിയുടെ വഴിവിട്ട ഇടപെടലും വിവാദമായിട്ടുണ്ട്.

ആകാശ യാത്ര നടത്തിയതില്‍ അപാകതയില്ലെന്നും മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. യാത്രാചെലവ് ഏത് അക്കൗണ്ടില്‍ നിന്നാണെന്നു പരിശോധിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയല്ല. ഉദ്യോഗസ്ഥരാണ് ഇക്കാര്യം ചെയ്യുന്നത്. ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചതെന്ന് ഇന്നലെയാണ് മനസ്സിലായത്. അപ്പോള്‍ തന്നെ വകമാറ്റാന്‍ നിര്‍ദേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരും. മുന്‍പ് ഉമ്മന്‍ചാണ്ടി 28 ലക്ഷം രൂപ മുടക്കി ഇടുക്കിയില്‍ പോയിരുന്നു. ഇതും ദുരിതാശ്വാസ ഫണ്ടില്‍ നിന്നെടുത്താണ് പോയതെന്നും പിണറായി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here