ഇനി തിരിഞ്ഞുനോക്കേണ്ടതില്ല; വിജയം വിജയനും നേട്ടം

0

ചെങ്ങന്നൂരില്‍ വിമര്‍ശനത്തിന്റെ കുന്തമുനയെല്ലാം നേരിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആഭ്യന്തരവകുപ്പിന്റെ പരാജയവും പോലീസിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കിയ കെല്‍വിന്റെ മരണവും വോട്ടെടുപ്പ് നടന്ന ദിനത്തില്‍ കൊടുങ്കാറ്റായി. വോട്ടെടുപ്പിലിത് സ്വാധീനിക്കുമെന്ന പ്രചരണവും ഏശിയില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. മാധ്യമങ്ങള്‍ ഒന്നടങ്കം സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ മാധ്യമങ്ങള്‍ കേരളത്തെ അപമാനിക്കുന്നൂവെന്ന വാദംകൊണ്ടാണ് മുഖ്യമന്ത്രി വിമര്‍ശനങ്ങളെ നേരിട്ടത്. എന്നാല്‍ എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടികൂടിയായി ചെങ്ങന്നൂര്‍ ഫലം. പിണറായിക്ക് ഇനിയൊന്നിനും ചെവികൊടുക്കേണ്ടതില്ല. കാരണം ഈ വിജയം അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് നടത്തിയ നീക്കങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന മറുപടിയാണ്് ഭൂരിപക്ഷമുയര്‍ന്നവേളയില്‍ തന്നെ സജിചെറിയാന്‍ നല്‍കിയത്. വിജയം ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമാണെന്നും കേരളത്തില്‍ വരാനിരിക്കുന്ന രാഷ്ട്രീയസൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ നല്‍കുന്ന സന്ദേശമല്ല ജനങ്ങള്‍ നല്‍കിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികഘോഷവേളയിലെ അഭിമാനപ്പോരാട്ടത്തില്‍ വിജയിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഇനി തിരിഞ്ഞുനോക്കേണ്ടതില്ല. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കുന്നൂവെന്ന ആരോപണമുയര്‍ത്തിയുള്ള പ്രതിരോധത്തിന്റേയും ആവശ്യമില്ല. ചെങ്ങന്നൂരില്‍ ജനം ഇതെല്ലാം തള്ളിക്കളഞ്ഞെന്ന വാദമുയര്‍ത്തിയാകും ഇടതുനേതാക്കള്‍ ഇനി മുന്നോട്ടുപോകുക.

തെരഞ്ഞെടുപ്പ് വിജയം മുന്നില്‍നിര്‍ത്തി സൈബറിടങ്ങളില്‍ മാധ്യമങ്ങളെ ആക്ഷേപിച്ചുള്ള ആക്രമണത്തിന് ഇടത്‌പോരാളികള്‍ തുടക്കമിട്ടും കഴിഞ്ഞു. പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ജനപിന്തുണ ലഭിച്ചതോടെ ഇനിയുള്ള മൂന്ന് വര്‍ഷങ്ങളിലേക്കുള്ള പിണറായി വിജയന്റെ കുതിപ്പിന് ആക്കംകൂട്ടുമെന്നതില്‍ തര്‍ക്കമില്ല. ഇനി വിമര്‍ശകരുടെ നാവടപ്പിക്കാനും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാനും അദ്ദേഹത്തിനാകുകയും ചെയ്യും.ജനങ്ങളാണ് വിധികര്‍ത്താക്കളെന്ന് തെളിഞ്ഞെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും മാധ്യമങ്ങള്‍ക്കുള്ള മറുപടികൂടിയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here