ഇടതിന് തുണയായത് വികസനമെന്ന തുറുപ്പ് ചീട്ട്; സാമുദായികഘടകങ്ങളും തുണച്ചു

0

വിജയംമാത്രം ലക്ഷ്യമിട്ട പ്രചരണതന്ത്രങ്ങളാണ് ഇടതുമുന്നണി പയറ്റിയത്. പരമ്പരാഗത യു.ഡി.എഫ്. മണ്ഡലമായ ചെങ്ങന്നൂരില്‍ ഇടതുമുന്നണി നടപ്പാക്കിയ വികസനത്തുടര്‍ച്ചയെ അടിസ്ഥാനമാക്കി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സജിചെറിയാനും മുന്നണിയും നടത്തിയത്. ഇത്തവണ സവര്‍ണ്ണവോട്ടുകള്‍ ബി.ജെ.പിയിലേക്കൊഴുകാതെ സമാഹരിക്കാന്‍ ഈ വികസനനേട്ടങ്ങളും തുടര്‍വാഗ്ദാനങ്ങളും സഹായിച്ചു.

മുന്നോക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയ സംവരണവും ഇടതുപക്ഷത്തെ തുണച്ചു. നായര്‍ വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്തിയതില്‍ ഇതൊരു ഘടകമാണ്. സമദൂരമായിരുന്നു നായര്‍ സര്‍വ്വീസ് സൊസൈറ്റി പ്രഖ്യാപിച്ചതെങ്കിലും ഇടത്സര്‍ക്കാരിനോട് ഒരുഘട്ടത്തിലും എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല. മറുവശത്ത് ഇതേവിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസിനും ഇടത്‌വിജയം അനിവാര്യമായിരുന്നു. ബി.ജെ.പിക്ക് നല്ലൊരു അടി കൊടുത്ത് ശക്തി തെളിയിക്കണമെന്ന രഹസ്യ ആഹ്വനവും സജിചെറിയാന് തുണയായി.

കഴിഞ്ഞ തവണത്തെപ്പോലെ വോട്ടുകള്‍ചോരാതെ ശക്തിതിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്റെ നീക്കങ്ങളും ഫലംകണ്ടതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ത്രികോണമത്സരമെന്ന പ്രതീതീയാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. പിന്നേടത് കോണ്‍ഗ്രസ് ഒപ്പത്തിനെത്തിയേക്കുമെന്ന വിലയിരുത്തലിലേക്ക് മാറിയതോടെ ഇടത് തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചു. ഒപ്പം കൂടിയ കോണ്‍ഗ്രസ് വിമത ശോഭനാജോര്‍ജിനെയും ഫലപ്രദമായി ഉപയോഗിച്ചും കെ.എം. മാണിയെ അടുപ്പിക്കാന്‍ ശ്രമിച്ചും മുന്നേറി.

അവസാനഘട്ടത്തില്‍ മാണി കോണ്‍ഗ്രസിലെത്തിയതും പോലീസിന്റെ വീഴ്ചകളും ആഭ്യന്തരവകുപ്പിന്റെ പരാജയവും ചര്‍ച്ചയാകുന്നതും ഇടതിനെ ആശങ്കപ്പെടുത്തിയതോടെയാണ് അവസാനഅടവ് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ അയ്യപ്പസേവാ സംഘപ്രവര്‍ത്തനത്തെ ചൂണ്ടിക്കാട്ടി ആരോപണമുയര്‍ത്തിയതോടെ ക്രിസ്ത്യന്‍ വോട്ടുകളുടെ പൂര്‍ണ്ണ സമാഹരണമായിരുന്നു ലക്ഷ്യം.

അന്തിമഫലം അനുകൂലമായതോടെ വര്‍ഗീയതയെ കൂട്ടുപിടിച്ചെന്ന പ്രതിപക്ഷാരോപണത്തെ സാധൂകരിക്കുന്നത് കോടിയേരി നടത്തിയ ഈ നീക്കമാണ്. കെ.എം.മാണി യു.ഡി.എഫിലെത്തിയിട്ടും ക്രിസ്ത്യന്‍വോട്ടുകള്‍ സജി ചെറിയാന്റെ പെട്ടിയിലെത്തിക്കുന്നതിനും കോടിയേരിയുടെ കണ്ണുംപൂട്ടിയുള്ള നീക്കത്തിന് കഴിഞ്ഞു. കെവിന്‍ ജോസഫിന്റെ മരണവും വിവാദക്കൊടുങ്കാറ്റായതും ഇടതുമുന്നണിയെ അങ്കലാപ്പിലാക്കിയെങ്കിലും അന്തിമഫലത്തിനൊപ്പം ഒപ്പംനിന്നു. വിജയത്തിനൊപ്പം ലഭിച്ച കനത്ത ഭൂരിപക്ഷവും ഇടത്‌കേന്ദ്രങ്ങളെ ഞെട്ടിച്ചു.

കര്‍ണ്ണാടകയില്‍ പണമെറിഞ്ഞ് അധികാരം കൈയ്യാളാന്‍ ബി.ജെ.പി. നടത്തിയ നീക്കവും ശ്രീധരന്‍പിള്ളയുടെ ശോഭ കെടുത്തി. പെട്രോള്‍ഡീസല്‍ വില വര്‍ദ്ധനവും ജനരോഷത്തിരയാക്കി. വെള്ളാപ്പള്ളിയുടെ അതൃപ്തി കാര്യമാക്കാതെ മുന്നോട്ടുപോകാന്‍ ശ്രമിച്ചതും ശ്രീധരന്‍പിള്ളക്ക് വിനയായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here