വട്ടിയൂര്‍ക്കാവില്‍ അവസാനംവരെ മികച്ച പോരാട്ടം കാഴ്ചവച്ച് കീഴടങ്ങുന്ന ചരിത്രമാണ് എന്‍.ഡി.എയ്ക്ക് ഉണ്ടായിരുന്നത്. ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കി പ്രധാന എതിരാളിയായി ഉയര്‍ന്നുവന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പു ഫലം.
വി.കെ. പ്രശാന്തിലൂടെ ഇടതുപക്ഷം മണ്ഡലം പിടിച്ചടക്കിയതോടെ, ഇടതുപക്ഷം വോട്ടുമറിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിച്ചെടുക്കുന്നൂവെന്ന് നിരന്തരം ആക്ഷേപമുയര്ത്തിപോന്ന ബി.ജെ.പി. നേതാക്കള്‍ക്കും പ്രതിരോധം നഷ്ടപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയസഭാ തെരഞ്ഞെടുപ്പിലും
രണ്ടാം സ്ഥാനത്ത് ഉറച്ചുനിന്ന വട്ടിയൂര്‍ക്കാവില്‍ എസ്. സുരേഷിന് കാലിടറി. പാര്‍ട്ടിവോട്ടുകള്‍ നന്നായിത്തന്നെ ചോരുകയും ചെയ്തു. ഇത് ഇടതുപക്ഷത്തിലേക്ക് പോയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കുമ്മനം രാജശേഖരനെപോലെ മികച്ച വ്യക്തിത്വത്തിന്റെ പിന്‍ബലത്തിലാണ് എല്ലാ വിഭാഗക്കാരുടെയും പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞത്. പ്രവര്‍ത്തകരുടെ ആവേശവും കുമ്മനമെന്ന പേരിനൊപ്പമായിരുന്നു. ആദ്യഘട്ടത്തില്‍ കുമ്മനത്തിന്റെ പേര് വലിച്ചിഴച്ചശേഷം എസ്. സുരേഷ് മണ്ഡലത്തിലവതരിച്ചതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കൃത്യമായ പ്രതിഷേധഫലം കൂടിയാണ് വി.കെ. പ്രശാന്ത് കൊയ്തത്.
2016-ല്‍ കുമ്മനം നേടിയ 43,700 വോട്ടുകളുടെ സ്ഥാനത്ത് എസ്. സുരേഷ് സമാഹരിച്ചത് 27,425 വോട്ടുകള്‍ മാത്രമാണ്. ഇത്തവണ മണ്ഡലത്തിലെ കൃത്യമായ പാര്ട്ടിവോട്ടുകളുടെ കണക്കെടുപ്പ് മാത്രമായി മത്സരം ചുരുങ്ങിയതോടെയാണ് എസ്. സുരേഷിന് മൂന്നാം സ്ഥാനം ലഭിച്ചത്.
മൂവായിരം മുതല്‍ അയ്യായിരം വോട്ടുകള്‍ കൂടി ലഭിക്കാമായിരുന്നത് പ്രതിഷേധമായി മറുവശത്തേക്ക് പോയെന്നാണ് ആര്.എസ്.എസ്. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ബാക്കി ലഭിക്കുന്നത് കുമ്മനത്തിന്റെ വ്യക്തിപ്രഭാവത്തിന് കിട്ടുന്ന ബോണസ് വോട്ടുകളാണ്. വിജയമെന്ന ഒറ്റലക്ഷ്യത്തില്‍ നിന്നും പിന്‍വാങ്ങി ‘കളി’ തുടരുന്ന പാര്‍ട്ടിയിലെ കുമ്മനവിരോധികള്ക്ക് ലഭിച്ച മറുപടിയാണ് സുരേഷിന് കിട്ടിയത്. കുമ്മനമല്ല സുരേഷ് എന്ന തിരിച്ചറിവുമാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാന്‍ വകനല്‍കുന്നത്.