തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് ആദ്യമായി വിജയിച്ചതോടെ സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാനും പാര്‍ട്ടിക്കായി. അതിനാല്‍ തന്നെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് പ്രത്യേക പരിഗണനയാണ് ബി ജെ പി നല്‍കിയത്. 2015ല്‍ അപ്രതീക്ഷിത മുന്നേറ്റത്തോടെ രണ്ടാം സ്ഥാനത്ത് സി പി എമ്മിന് തൊട്ടുപിന്നാലെ എത്തിയതോടെയാണ് തലസ്ഥാനത്ത് ബി ജെ പിയുടെ കരുത്ത് സ്വന്തം നേതാക്കള്‍ പോലും തിരിച്ചറിഞ്ഞത്.

എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാനും അതുവഴി നിയമസഭ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മൂന്നോ നാലോ സീറ്റുകളില്‍ താമര വിരിയിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച വയ്ക്കാന്‍ ബി ജെ പിക്കായിരുന്നില്ല. പ്രധാനമായും ന്യൂനപക്ഷ വോട്ടുകള്‍ ബി ജെ പിക്ക് എതിരെ സി പി എമ്മിലേക്ക് കേന്ദ്രീകരിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം കാരണം കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വോട്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമ്ബോള്‍ ബി ജെ പിക്ക് പ്രതീക്ഷിക്കാന്‍ ഇനിയുമേറെ തലസ്ഥാനം കരുതിവച്ചിട്ടുണ്ടെന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ലഭിക്കുന്ന കണക്ക് പ്രകാരം തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടി ബി ജെ പിയാണ്. നഗര പരിധിയില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 30.46 ശതമാനം വോട്ടുകള്‍ താമരയാണ് സ്വന്തമാക്കിയത്. അതേസമയം

സിപിഎമ്മിന് ഇവിടെ സ്വന്തമാക്കാനായത് 28.35 ശതമാനം വോട്ടുകളാണ്. സീറ്റുകളുടെ എണ്ണത്തില്‍ ഇടത് പാര്‍ട്ടികള്‍ മുന്നേറിയെങ്കിലും പാര്‍ട്ടികള്‍ അടിസ്ഥാനമാക്കിയുള്ള വോട്ടിംഗ് ശതമാനത്തില്‍ ആദ്യ സ്ഥാനം ബി ജെ പിക്കാണ് എന്നത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നത് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here