തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനം നടത്തി കിഫ്ബിക്കെതിരായ സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക് രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും.

നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ധനകാര്യ സെക്രട്ടറിക്കു കിട്ടുന്ന റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഗവര്‍ണര്‍ക്കു നല്‍കാനുള്ളതാണ്. ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പരസ്യമായി കള്ളം പറയുകയും ചട്ടലംഘനങ്ങള്‍ നടത്തുകയും ചെയ്ത ധനമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്തു നല്‍കി.

ഒരു നടപടി ക്രമവും പാലിക്കാതെയാണ് വികസനത്തിന്റെ പേരില്‍ കിഫ്ബി വിദേശപണം സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തുന്നു. പദ്ധതികളെല്ലാം ടെന്‍ഡര്‍ പോലും വിളിക്കാതെ കൊടുക്കുന്നു. ഇത് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്. സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ട തോമസ് ഐസക് രാജി വയ്ക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സി.എ.ജി റിപ്പോര്‍ട്ടില്‍ മുന്‍കൂട്ടി അറിയിക്കാത്ത ഒരു വാചകം ഉണ്ടെന്ന് തെളിയിക്കാന്‍ ധനമന്ത്രിയെ വെല്ലുവിളിച്ച് വി.ഡി. സതീശനും രംഗത്തെത്തി. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍.ബി.ഐ അംഗീകാരമില്ലെന്ന് മാത്യു കുഴല്‍ നാടനും രേഖകള്‍ പുറത്തുവിട്ടുകൊണ്ട് ആവര്‍ത്തിച്ചു.

ധനമന്ത്രി തോമസ് ഐസക്ക് മാധ്യമങ്ങളെ കണ്ടപ്പോള്‍

LEAVE A REPLY

Please enter your comment!
Please enter your name here