തിരുവനന്തപുരം: വരാന്തയിലെ കസേരയില്‍ ചെറുമക്കള്‍ക്കൊപ്പം കാത്തിരുന്ന അച്ഛന്‍ കോടിയേരിയുടെ കാലു തൊട്ടു നമസ്‌കരിച്ച് ബിനീഷ് വീട്ടിലേക്കു കയറി. അമ്മ വിനോദിനി പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ വരവേറ്റു. ഒരു വര്‍ഷത്തിനുശേഷമാണ് ബിനീഷ് കോടിയേരി വീട്ടിലേക്കു മടങ്ങിയെത്തുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് പരപ്പന അഗ്രഹാര ജയിലില്‍ നിന്നു ബിനീഷിനു പുറത്തിറങ്ങാന്‍ വഴി തുറന്നത്. ഭീഷണികള്‍ക്കു വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് തനിക്ക് ഇത്രയും ദിവസം ജയിലില്‍ കഴിയേണ്ടി വന്നതെന്നു ബിനീഷ് പ്രതികരിച്ചു. രക്തഹാരം അണിയിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് സുഹൃത്തുക്കള്‍ വിമാനത്താവളത്തില്‍ ബിനീഷിനെ സ്വീകരിച്ചത്. ‘… ആദ്യം ഞാന്‍ അച്ഛനെയും അമ്മയേയും ഭാര്യയേയും കാണട്ടെ. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്…’ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള ബിനീഷിന്റെ വിമാനത്താവളത്തിലെ പ്രതികരണം ഇങ്ങനെയായിരുന്നു. പിന്നാലെ മരുതന്‍കുഴിയിലെ വീട്ടിലേക്ക്.

മാതാപിതാക്കളും ബന്ധുക്കളും ബിനീഷിനെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷത്തിനുശേഷം മകനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here