മാണിയും കോഴയും കീറാമുട്ടി: സി.പി.ഐക്കു കഴിയാത്തത് ബിജു രമേശ് ഒറ്റ ഡയലോഗില്‍ നേടി, സി.പി.എമ്മിനെതിരെ ഉയരുന്നത് ക്രിമിനല്‍ ഗൂഢാലോചന കുറ്റമോ ?

0

തിരുവനന്തപുരം: തനിക്കു പിന്നില്‍ സി.പി.എം നേതാക്കളായിരുന്നുവെന്ന് അബ്കാരി ബിജു രമേശ് തുറന്നു പറയുകയും മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് വിധിയെഴുതുകയും ചെയ്താല്‍ സി.പി.എം നേതാക്കള്‍ക്കെതിരെ ഉയരുക ക്രിമിനല്‍ ഗൂഢാലോചന കുറ്റം. സംസ്ഥാന രാഷ്ട്രീയത്തില്‍ ബാര്‍ കോഴ ഭൂതം വീണ്ടും ചലനങ്ങള്‍ സൃഷ്ടിക്കുന്നു.
വളരെ ഭംഗിയായി ‘തീര്‍ത്തു’കൊണ്ടുവന്ന ബാര്‍ കോഴ വീണ്ടും കീറാമുട്ടിയായി ഒറ്റദിവസം കൊണ്ട് മാറി.  സി.പി.എമ്മുമായി കെ.എം. മാണിയും കൂട്ടരും അടുക്കുന്നതിനിടെയാണ് ബാര്‍ കോഴ കേസില്‍ മാണിക്കനുകൂലമായ കാര്യങ്ങള്‍ പുറത്തുവന്നു തുടങ്ങിയത്. കേരളാ കോണ്‍ഗ്രസ് മാണി ഇടതു മുന്നണിയിലെത്തുന്നതിനെ ശക്തമായി എതിര്‍ത്ത് സി.പി.ഐയും നിലകൊണ്ടു.
സി.പി.ഐയുടെ എതിര്‍പ്പിലും മാണി ബന്ധം അവസാനിപ്പിക്കാന്‍ സി.പി.എം തയാറായിരുന്നില്ല. സി.പി.എമ്മിനെതിരെ വഞ്ചനാകുറ്റം ചുമത്താന്‍ ബിജു രമേശും കൂട്ടരും തുറന്നുവിട്ടിരിക്കുന്നതാകട്ടെ, ശരിക്കും ഒരു ഭൂതത്തെ തന്നെ. കേസുമായി മുന്നോട്ടു പോയാല്‍ ബാറുകള്‍ തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കി. പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കളെയും കണ്ടിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു വയ്ക്കുന്നു. മാണിയ്‌ക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് നിലപാടിലെത്തിയാല്‍ ഉന്നയിക്കപ്പെട്ടത് വ്യാജ ആരോപണമാണെന്ന് വിധിയെഴുതാം.
അങ്ങനെയെങ്കില്‍ വ്യാജ ആരോപണം ഉന്നയിച്ച് ഒരു മന്ത്രിയെ രാജിവയ്പ്പിക്കാന്‍ ഗൂഢാലോചന നടന്നിട്ടില്ലേ ? ആ ക്രിമിനല്‍ ഗൂഢാലോചനയിലെ പ്രധാന പ്രതി ഉന്നയിക്കുന്ന കൂട്ടുപ്രതികളും പെടില്ലേ ? പരാതി ഉണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന മറുപടി.
മാണിയെ കുറ്റവിമുക്തനാക്കിയാല്‍ സി.പി.എം നേതാക്കള്‍ സ്വയം അന്വേഷണത്തിന്റെ നിഴലിലാകും. മാണിയെ കുറ്റവിമുക്തനാക്കിയില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് അകന്നുപോകും. മാണിയും കോഴയും എല്‍.ഡി.എഫിന് കീറാമുട്ടിയായി വീണ്ടും മാറുമ്പോള്‍, ശക്തമായ നിലപാടുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും രംഗത്തെത്തുമെന്നും ഉറപ്പാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here