പിണറായി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍വന്ന് നടത്തിയതെന്നും ഇവിടെ വന്ന് നീതിബോധം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത്ഷായെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും നാട്ടില്‍വന്നാണ് ഇന്നലെ അദ്ദേഹത്തിന്റെ ഉറഞ്ഞുതുള്ളല്‍ ഉണ്ടായത്. ഏതാണ് അമിത്ഷാ പറഞ്ഞ ദുരൂഹ മരണമെന്ന് വ്യക്തമാക്കിയാല്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാണ്. അമിത് ഷായോട് പറയാനുള്ളത്, ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ഞാന്‍ ജയിലില്‍ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധമായി പിന്തുടരല്‍ തുടങ്ങിയ ഗുരുതരമായ കേസുകള്‍ നേരിട്ടത് ആരായിരുന്നുവെന്നും പിണറായി ചോദിച്ചു. സൊറാബുദ്ദീന്‍ ഷെയ്ക്ക് അടക്കമുള്ളവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ പേരില്‍ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത്ഷാ എന്നായിരുന്നു. ആ കേസ് കേള്‍ക്കാനിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അമിത് ഷായ്ക്ക് അതേപ്പറ്റി മിണ്ടാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കില്‍ നിങ്ങളുടെ ചെയ്തികള്‍ ഞങ്ങള്‍ക്കും പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്തിന്റെ കേന്ദ്രമായതെങ്ങനെയെന്ന് അമിത്ഷാ ഉയര്‍ത്തിയചോദ്യങ്ങള്‍ക്കുള്ള മറു ചോദ്യമായി പിണറായി ഉന്നയിച്ചു. സ്വര്‍ണ്ണക്കളളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തം ഉണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ. കള്ളക്കടത്തിന് തടസ്സം വരാതിരിക്കാന്‍ സംഘപരിവാറുകാരെ വിവിധ ചുമതലകളില്‍ നിയമിച്ചത് ബോധപൂര്‍വ്വമല്ലേയെന്നും പിണറായി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here