സംസ്ഥാന സെക്രട്ടറിയുടെ മകന്റെ പണമിടപാട്: എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി ബി.ജെ.പി, പരാതി ഇല്ലാത്തതിനാല്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

0
6

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി എന്‍ഫോഴ്‌സ്‌മെന്റിന് രേഖാമൂലം പരാതി നല്‍കി. സംസ്ഥാന സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ വഴി കോടിക്കണക്കിനു തുക ഇന്ത്യയിലേക്കു കടത്തിയിട്ടുണ്ടെന്നും ഇത് ഹവാല മാര്‍ഗത്തിലൂടെയാണെന്നും ബി.ജെ.പി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ പരാതയില്‍ പറയുന്നു. കോടിയേരിയുടെയും മക്കളുടെയും വരവില്‍ക്കവിഞ്ഞ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കര്‍ണാള്‍ സിംഗിനെ നേരില്‍കണ്ടാണ് എ.എന്‍. രാധാകൃഷ്ണന്‍ പരാതി നല്‍കിയത്.
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബിനോയ് കോടിയേരിയെയോ പരാതിക്കാരനെയോ വിശ്വാസത്തിലെടുക്കില്ലെന്നും അതിനാല്‍ പാര്‍ട്ടി അന്വേഷിക്കില്ലെന്നും പി.ബി. അംഗം എസ്.രാമചന്ദ്രന്‍ പിള്ള. വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നാണ് എസ്.ആര്‍.പി വ്യക്തമാക്കുന്നത്. എന്നാല്‍, വിഷയത്തില്‍ കേന്ദ്ര നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here