2019ല്‍ കാണാനിരിക്കുന്ന ‘രാഹുലിന്റെ തന്ത്രങ്ങള്‍’ ; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് ചുവടുറപ്പിച്ച് ബിജെപി

0

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ദക്ഷിണേന്ത്യയിലും വെന്നിക്കൊടി നാട്ടുകയാണ് ബി.ജെ.പി. കര്‍ണ്ണാടകയിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഇനി പഞ്ചാബും മിസോറമും പുതുച്ചേരിയും മാത്രമാണ് കൈപ്പിടിയില്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ബാലികേറാമലയായി മുന്നിലുള്ളത് കേരളവും തമിഴ്‌നാടും തെലങ്കാനയും ആന്ധ്രയും മാത്രം.

തെരഞ്ഞെടുപ്പ് വിജയമോ മുന്നേറ്റമോ മാത്രം രാഹുല്‍ഗാന്ധിയുടെ പേരിലെഴുതുകയും തോല്‍വിയെല്ലാം മറ്റ് നേതാക്കളുടെ തലയിലാകുകയും ചെയ്യുന്ന അപൂര്‍വ്വപ്രതിഭാസമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തോല്‍വിഭാരം തലയിലേറ്റുവാങ്ങി വിധേയത്വം പുലര്‍ത്താനുള്ള ഒരവസരവും പാഴാക്കാത്ത പ്രമുഖ നേതാക്കളുടെ പാര്‍ട്ടിയായി അധഃപതിച്ചതുതന്നെയാണ് കോണ്‍ഗ്രസിന്റെ പരാജയകാരണം.

കുത്തനെയുയരുന്ന പെട്രോള്‍ഡീസല്‍ വില വര്‍ദ്ധനയോടുള്ള രാജ്യത്തെ ജനങ്ങളുടെ രോഷം പോലും യഥാവിധം പ്രതിഫലിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ രാഹുല്‍ഗാന്ധിക്കോ കഴിഞ്ഞതുമില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരകയറുമെന്ന മോഹം പങ്കുവച്ചാണ് പ്രമുഖകോണ്‍ഗ്രസ് നേതാക്കള്‍ ചാനല്‍ച്ചര്‍ച്ചകളില്‍ ആത്മവിശ്വസം പങ്കിടുന്നത്. കര്‍ണ്ണാടകയിലെ തോല്‍വിഭാരം ഞങ്ങള്‍ക്ക് തരണേ, രാഹുല്‍ഗാന്ധിക്ക് കൊടുക്കരുതേ എന്ന് നിലവിളിക്കുന്ന സംസ്ഥാനനേതൃത്വത്തെയും ജനം കണ്ടു.

പ്രതിപക്ഷം തീരെ ഇല്ലാതാകുന്ന അവസ്ഥ ജനാധിപത്യത്തിന് അന്ത്യംകുറിക്കുമെന്ന തിരിച്ചറിവ് ഇല്ലാത്തവരല്ല പൊതുജനം. എന്നിട്ടും കോണ്‍ഗ്രസിനെ മാത്രം ഇങ്ങനെ ക്ഷീണിപ്പിക്കുന്നതെന്തിനാണാവോ? കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രം പിടികിട്ടാത്ത കാര്യമാണത്. പരമ്പരാഗത രാഷ്ട്രീയക്കളികളും നേതാക്കളുടെ പൊള്ളത്തരങ്ങളുമെല്ലാം കണ്ടുമടുത്ത ജനത്തിന് മുന്നിലാണ് തെരഞ്ഞെടുപ്പ് സമയത്തെ ഉടായിപ്പ് തന്ത്രങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ ഗോദയിലിറങ്ങുന്നത്. പൂമാലയും പിടിച്ച് ക്ഷേത്രദര്‍ശനം നടത്തിയും ആരതിയുഴിഞ്ഞും കണ്ണില്‍പൊടിയാനുള്ള പതിവ് തന്ത്രങ്ങള്‍ക്കപ്പുറം രാഹുല്‍ഗാന്ധിക്കോ കോണ്‍ഗ്രസിനോ കര്‍ണ്ണാടകയിലെ ജനങ്ങളോട് ഒന്നുംപറയാനുണ്ടായില്ലെന്നതാണ് സത്യം.

2014ല്‍ നരേന്ദ്രമോഡി ഭരണംതുടങ്ങുമ്പോള്‍ കേവലം 7 സംസ്ഥാനങ്ങള്‍ മാത്രമാണ് ബി.ജെ.പിയുടെ കീഴിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യവും അന്ന് ഒരു തമാശമാത്രമായേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുമുള്ളൂ. 2018ല്‍ എത്തുമ്പോള്‍ 20 സംസ്ഥാനങ്ങളില്‍ താമരവിരിഞ്ഞിരിക്കുന്നു. ഇന്ന് ഏകതമാശ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സഭകുടഞ്ഞെണീറ്റ് വന്ന് ഭരണം പിടിക്കുന്നുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദമാണ്. രാഹുല്‍ഗാന്ധിയുടെ ബുദ്ധിപരമായ നീക്കങ്ങള്‍ എന്തൊക്കെയെന്ന് ഇനിയും ആര്‍ക്കും പ്രവചിക്കാനാകില്ലല്ലോ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here