രാജ്യദ്രോഹികളെ എതിര്‍ക്കേണ്ട ചുമതല ആര്‍.എസ്.എസിന് മാത്രമായി തീറെഴുതിക്കൊടുത്തോ ?

0

വിഷംചീറ്റി തിരിഞ്ഞുകൊത്തുമെന്ന് ഉറപ്പുണ്ടായിട്ടും മതരാഷ്ട്രീയത്തിന് ഒളിഞ്ഞും തെളിഞ്ഞും രക്ഷാകവചമൊരുക്കിയതാരെന്ന ചോദ്യത്തില്‍ നിന്ന് ഇടതു വലതു മുന്നണികള്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ല. പരസ്പരം കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ല. ഉള്ളറിഞ്ഞ തിരുത്തലുകള്‍ക്ക് ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാകുമെന്നതില്‍ തര്‍ക്കമില്ല.

ഒരറ്റത്ത് വര്‍ഗീയ ഫാസിസത്തിനെതിരേ ചെങ്കൊടിയേന്തുമ്പോഴും നാലു വോട്ടിന്റെ പേരില്‍ ഒരു സമുദായത്തെ മുഴവന്‍ കരിനിഴലില്‍ നിര്‍ത്തുന്നതിനു പിന്നിലും ഈ ഇടത്‌വലത് രാഷ്ട്രീയത്തിന് ഇടമുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെന്ന് മുറവിളി കൂട്ടി, ന്യൂനപക്ഷഹൃദയം പിടിച്ചടക്കാനുള്ള ചുളുവഴികള്‍ തേടിയ ഇടതുപക്ഷമാണ് ഏറെ പ്രതിക്കൂട്ടിലെന്ന് നിസംശയം പറയാം.

കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളിലൊന്നാണ് അഭിമന്യുവിന്റെ ജീവനെടുത്തുകൊണ്ട് കാമ്പസുകളില്‍ ചോരവീഴ്ത്താനുള്ള നീക്കം. കേരളം പോലൊരിടത്ത്, കാമ്പസുകളില്‍ ഉച്ചയ്ക്ക് മതപ്രാര്‍ത്ഥനകള്‍ക്ക് ഇടമൊരുക്കുമ്പോള്‍ ഇടതുവലതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നോക്കിനിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? പാഠശാലകളില്‍ നിന്ന് രാഷ്ട്രീയമായിരുന്നില്ല ഒഴിവാക്കേണ്ടിയിരുന്നതെന്നും മതചിന്തകളാണെന്നും ഉറക്കെ കുമ്പസരിക്കേണ്ടത് മുന്‍പ്രതിരോധമന്ത്രി എ.കെ. ആന്റണി തന്നെയാണ്.

തെരഞ്ഞെടുപ്പ് പ്രചരണവേദിയിലേക്ക് മതതീവ്രവാദിയായ ഒരാളെ കെട്ടിപ്പിടിച്ച് ആനയിച്ച അന്നത്തെ പാര്‍ട്ടിസെക്രട്ടറിയായിരുന്ന പിണറായി വിജയനെ കേരളം മറന്നിട്ടില്ല. തീവ്രവാദമത രാഷ്ട്രീയത്തെ കവലപ്രസംഗങ്ങളിലും ചാനല്‍ചര്‍ച്ചകളിലും തുറന്നെതിര്‍ക്കുമ്പോഴും അവരുടെ സഹായ സഹകരണം പറ്റുന്ന കാഴ്ചയില്‍ ചൂളിപ്പോകുന്നുണ്ട് ഇടതുപക്ഷവും.

എസ്.ഡി.പി.ഐയുടെ പിന്തുണയില്‍ തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ ഇടതുഭരണം പിടിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. അന്നുവൈകിട്ട് തന്നെയാണ് അഭിമന്യുവിന്റെ മരണത്തെത്തുടര്‍ന്നുള്ള ചാനല്‍ച്ചര്‍ച്ചകളില്‍ ഇടതുനേതാക്കള്‍ മതതീവ്രവാദികള്‍ക്കെതിരേ സന്ധിയില്ലാ സമരം നടത്തുന്നതിനെപ്പറ്റി വാചാലരായത്.

പോലീസ് സ്‌റ്റേഷനടക്കം ആക്രമിച്ച ഗുരുതരകേസുകളില്‍നിന്ന് മതതീവ്രവാദ പ്രസ്ഥാനങ്ങളെ രക്ഷിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. മുസ്ലിംലീഗിന്റെ ഒത്താശയും ഒരറ്റത്തുണ്ടായിരുന്നൂവെന്ന യാഥാത്ഥ്യവും അരിയാഹാരം കഴിക്കുന്നവര്‍ മറന്നിട്ടില്ല. ഇടതിനും വലതിനുമൊപ്പം വേഷംമാറി, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്നാണയിടുന്ന കാമ്പസ്ഫ്രണ്ട് എസ്.ഡി.പി.ഐ. നേതാക്കളെയും സമൂഹം കണ്ടു.

ഒരറ്റത്ത് ന്യൂനപക്ഷ മതതീവ്രവാദം സമൂഹത്തെ ഭിന്നിപ്പിച്ചുതുടങ്ങുന്നതാണ് മറുവശത്തെ ഹിന്ദുത്വശക്തികള്‍ക്കും ആശ്വാസകരം. കൈവെട്ടുകേസിലെ പ്രതികളടക്കം പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ചരിത്രം മതേതരസമൂഹമെന്ന് ഊറ്റം കൊള്ളുന്നവരെ നോക്കി കൊഞ്ഞനംകുത്തുന്നുണ്ട്. ഐ.എസ്. എന്ന ഭീകരസംഘടനകളിലേക്ക് ആകൃഷ്ടരാകുന്ന ചെറുപ്പാര്‍ കൊച്ചുകേരളത്തില്‍ നിന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയല്ലാതായി തീര്‍ന്നിരിക്കുന്നു.

ജനാധിപത്യ വേഷംകെട്ടിയ മതതീവ്രവാദികളുടെ പാര്‍ട്ടി കേരളത്തിലങ്ങോളമിങ്ങോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വെന്നിക്കൊടി പാറിക്കുമ്പോള്‍ ഇടത്‌വലത് പ്രസ്ഥാനങ്ങള്‍ക്ക് വാപൊളിച്ച് നില്‍ക്കാനേ ആകുന്നുള്ളൂ. ഈ കണ്ണുപൂട്ടലിന്റെ വില കേരളം കൊടുത്തുതുടങ്ങിയിരിക്കുന്നു. വരുംകാലം ഭീതിമാണെന്ന് സൂചന നല്‍കയാണ് രാജ്യം തന്നെ നല്‍കുന്നതും.

ഒരു മതേതര രാജ്യത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വളരുന്ന മതതീവ്രവാദികളോട് വരുംകാലത്തെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് സൈമണ്‍ ബ്രിട്ടോ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പറഞ്ഞത് ഈ തിരിച്ചറിവ് ഉണ്ടായതുകൊണ്ടാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here