തിരുവനന്തപുരം: സി.പി.എം – സി.പി.ഐ തര്‍ക്കങ്ങള്‍ ഇടതു മുന്നണിയില്‍ പുതുതല്ല. വിഷയാധിഷ്ടിതമായി തന്നെ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാറുമുണ്ട്. എന്നാല്‍, സി.പി.ഐ സംഘടനയുടെ നേതൃത്വതത്തില്‍ സംസ്ഥാനത്തെ എണ്‍പതു ശതമാനത്തോളം വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചതോടെ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

തങ്ങളുടെ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളോട് ചിറ്റമ്മനയമാണെന്ന പരാതി സി.പി.ഐ നേതാക്കള്‍ പറയുന്നത് ആദ്യമായിട്ടല്ല. എന്നാല്‍, ഇടതു മുന്നണി ഭരിക്കുമ്പോള്‍ സി.പി.ഐയുടെ സംഘടന പ്രത്യക്ഷ സമരത്തിലേക്ക് പോകുന്നത് അപൂര്‍വ്വമാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതാദ്യവും. കെ.ആര്‍.ഡി.എസ്.എയുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പില്‍ നടന്ന പണിമുടക്കില്‍ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. 1541 വില്ലേജ് ഓഫീസുകളില്‍ 888 എണ്ണം പണി മുടക്കില്‍ അടഞ്ഞു കിടന്നു. ധനവകുപ്പിന്റെ മുന്നറിയിപ്പുപോലും തള്ളി 80.37 ശതമാനം പേര്‍ പണിമുടക്കിയെന്നാണ് ഔദ്യോഗിക കണക്ക്.

സര്‍ക്കാരിന്റെ ഡയസ്‌നോണ്‍ മറികടന്നാണ് ഇത്രയധികം പേര്‍ പണിമുടക്കിയത്. ജീവനക്കാര്‍ അവധിയെടുക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. ധനവകുപ്പിന്റെ അവഗണന ഉയര്‍ത്തിക്കാട്ടിയാണ് കെ.ആര്‍.ഡി.എസ്.എയുടെ സൂചനാ പണിമുടക്ക്. വില്ലേജ് ഓഫീസര്‍ തസ്തിക ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയായി ഉയര്‍ത്തുക, ദുരന്തനിവാരണ ഏകോപനത്തിനായി ഡെപ്യൂട്ടി കലക്ടര്‍ തസ്തിക സൃഷ്ടിക്കുക, വില്ലേജ് ഓഫീസില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കെ.ആര്‍.ഡി.എസ്.എ ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here