ഡല്‍ഹി: കോണ്‍ഗ്രസിനെയും മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നും സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച എം.എല്‍.എമാരും ബി.ജെ.പിയിലെത്തി.
18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് സിന്ധ്യ ബി.ജെ.പിയിലേക്കു ചുവടുമാറിയത്. ബി.ജെ.പി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സിന്ധ്യ അഴിച്ചുവിട്ടത്. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാരിനായില്ലെന്നു സിന്ധ്യ കുറ്റപ്പെടുത്തി.
അതേസമയം, രാജിവച്ച രണ്ടു മന്ത്രിമാരും പത്തോളം എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരുന്നതില്‍ വിഖരാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ബി.ജെ.പിക്കുള്ളില്‍ ആഭ്യന്തര കലാപം രൂപപ്പെട്ടതായും സൂചനകളുണ്ട്. അതിനിടെ, തന്റെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി.