തിരുവനന്തപുരം: സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിനു ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് മൊഴി. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ്. സരിത് കസ്റ്റംസിനു നല്കിയ മൊഴി സ്ഥിരീകരിക്കുന്ന തരത്തില്‍ സ്വപ്ന സുരേഷും വെളിപ്പെടുത്തലുകള്‍ നടത്തിയറായിട്ടാണ് പുറത്തുവരുന്ന അറിവ്.
ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദ അന്വേഷണത്തിന് തയാറെടുക്കുകയാണ്. ഈ നേതാവ് ഗള്‍ഫ് കേന്ദ്രീകരിച്ച് ഒരു വിദേശ സര്‍വകലാശാലയുടെ ഫ്രഞ്ചൈസി തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായിട്ടാണ് അന്വേഷണ ഏജന്‍സിക്കു ലഭിക്കുന്ന വിവരം. ഇദ്ദേഹത്തെ സഹായിച്ച ചില പ്രവാസി മലയാളികളെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ വിവരം ശേഖരിച്ചിട്ടുണ്ട്. പരിശോധനയില്ലാതെ വിമാനംവരെ പോകാന്‍ കഴിയുന്ന വി.ഐ.പി പരിരക്ഷ ഇദ്ദേഹത്തിനു വിമാനത്താവളത്തില്‍ ലഭിച്ചിരുന്നത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച രാഷ്ട്രീയ ആരോപണങ്ങളും കൊഴുക്കുകയാണ്. പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന് ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അതാരാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതനുപോലും റിവേഴ്സ് ഹവാലയില്‍ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടുവീഴുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുന്ന മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ബി.ജെ.പി രംഗത്തെത്തിയിട്ടുള്ളത്.