തിരുവനന്തപുരം: അര്‍ദ്ധരാത്രിയില്‍ മാധ്യമ പ്രവര്‍ത്തകനെ ദാരുണമായി കാറിടിപ്പിച്ചു കൊന്ന കേസിന്റെ നടപടികള്‍ അട്ടിമറിച്ച് പോലീസ്. ആദ്യ മണിക്കൂറുകളില്‍ ശ്രീറാമിനെ രക്ഷിക്കാന്‍ തീവ്രമായി ശ്രമിച്ചപോലീസ് നടപടികള്‍ വേഗത്തിലാക്കിയത് ശക്തമായ സമ്മര്‍ദ്ദത്തിനുശേഷം മാത്രമാണ്.

അര്‍ദ്ധരാത്രിയില്‍ മ്യുസിയത്തിനു സമീപമുണ്ടായ വാഹനാപകട സ്ഥലത്ത് യുവ ഐ.എസ്.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ കണ്ടത് മദ്യപിച്ച നിലയിലാണ്. അപകടത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ശ്രീറാമിനെ രക്ഷപെടുത്താന്‍ ശ്രീറാം ശ്രമിക്കുമ്പോഴാണ് പോലീസ് എത്തിയത്.

ഒറ്റനോട്ടത്തില്‍ തന്നെ മദ്യപിച്ചുവെന്ന് വ്യക്തമായിട്ടും പോലീസിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ നടപടിയുണ്ടായില്ല. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ചിലര്‍ പറഞ്ഞുവെങ്കിലും മൊഴി ലഭിച്ചിട്ടില്ലെന്നാണ് മ്യൂസിയം പോലീസ് വ്യക്തമാക്കിയത്. ഒപ്പമുണ്ടായിരുന്ന യുവതിയാണ് വാഹനമോടിച്ചതെന്ന് ശ്രീറാമും യുവതിയും പറഞ്ഞുവെന്നും പോലീസ് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ശ്രീറാമിനെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിച്ച പോലീസ് ഒപ്പമുണ്ടായിരുന്ന യുവതിയെ ഓണ്‍ലൈന്‍ ടാക്‌സി വരുത്തി പോകാനും അനുവദിച്ചു. ശ്രീറാമിന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയപ്പോഴും രക്തപരിശോധനയ്ക്ക് പോലീസ് മുതിര്‍ന്നില്ല. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്കു പോയി. ശ്രീറാമിനെ പരിശോധിച്ച ഡോക്ടര്‍ മദ്യത്തിന്റെ മണം രേഖപ്പെടുത്തി.

മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ തെരക്കിയതിനു പിന്നാലെ, നാലു മണിക്കൂര്‍ കഴിഞ്ഞാണ് യുവതിയെ സ്‌റ്റേഷനിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയത്. തലസ്ഥാനത്തെ പോലീസിന്റെ സിസിടിവി ക്യാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരവും രക്തപരിശോധന നടത്തിയിട്ടില്ലെന്ന വിവരവും പുറത്തുവന്നതോടെ ഒത്തുകളിക്കെതിരെ പ്രതിഷേധം ശക്തമായി. പിന്നാലെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. വണ്ടി ഓടിച്ചത് ആരെന്ന് വ്യക്തമാക്കാന്‍ പോലീസിന് അപ്പോഴും കഴിഞ്ഞില്ല.

തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനുശേഷമാണ് ലഭ്യമായ മറ്റു ഏജന്‍സികളുടെയും സ്വകാര്യവ്യക്തികളുടെയും സി.സി.ടി.വികള്‍ പരിശോധിച്ചുകൊണ്ട് പോലീസ് രംഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ നേരിട്ട് ഇടപെട്ടതിനു പിന്നാലെ കാറോടിച്ചിരുന്നത് യുവതി അല്ലെന്ന് സ്ഥിരീകരിച്ചു. രക്തസാമ്പിള്‍ ശേഖരിക്കാത്തത് ശ്രീറാം സമ്മതിക്കാത്തതിനാലാണെന്നു സിറ്റി പോലീസ് വ്യക്തമാക്കി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശ്രീറാമിനെയും ഒപ്പമുണ്ടായിരുന്ന യുവതിയും പ്രതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here