ഡല്‍ഹി: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുമെന്നും അദേഹം ട്വീറ്റ് ചെയ്തു. ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

അതിനിടെ, ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് ചുഴലിക്കാറ്റ് ശ്രീലങ്കയിലേക്ക് എത്തിയത്. നിലവില്‍ മണിക്കൂറില്‍ 90 കിമീ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീനം നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയില്‍ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ബുറേവി ലോകത്ത് ഈ വര്‍ഷം രൂപപ്പെടുന്ന 97മത്തെ ചുഴലിക്കാറ്റാണെന്ന് ലോക കാലാവസ്ഥ സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം നംബര് 17വരെ 96 ചുഴലിക്കാറ്റുകള്‍ ലോകത്ത് രൂപപ്പെട്ടതായി ഡബ്യുഎംഒ വ്യക്തമാക്കി.