ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

ഒരു വര്‍ഷമായി തുടരുന്ന കര്‍ഷര്‍ സമരത്തിന്റെ വിജയം കൂടിയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.

കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ല. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

നിയമങ്ങളെ എതിര്‍ത്ത കര്‍ഷകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here