തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികത വാദം തള്ളിയും പരിശോധനയെ ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് കണ്ടെത്തിയ കാര്യങ്ങളില്‍ ഡയറക്ടറുടെ അനുമതിയോടെയാണ് തെരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടന്നത്. ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരായ ആരോപണങ്ങളെ തള്ളിയ മുഖ്യമന്ത്രി, മാധ്യമങ്ങള്‍ക്കിടയില്‍ ‘മാധ്യമ സിന്‍ഡിക്കേറ്റ്’ തിരിച്ചെത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സിന് അവരുടെതായ പരിശോധനാ രീതികള്‍ ഉണ്ട്. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യാവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. ശരിയാണെന്ന് കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. എന്നിട്ട് മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിനുവേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ പ്രധാനമായും ക്രമക്കേടുകളുടെ വ്യപ്തി പരിശോധിച്ച്, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇന്റേണല്‍ ഓഡിറ്റിംഗ്, ഇന്റണല്‍ വിജിലന്‍സ് എന്‍ക്വയറി, വകുപ്പുതല നടപടി തുടങ്ങിയവയാണ് സ്വീകരിക്കാറുള്ളത്. മിന്നല്‍ പരിശോധന കഴിഞ്ഞ് അവര്‍ നേരിട്ട് നടപടി സ്വീകരിക്കുകയല്ല, മറിച്ച് ശിപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നും പിണറായി വിശദീകരിച്ചു.

വിജിലന്‍സ ഡയറക്ടര്‍തന്നെയാണ് ഇതിന് ഉത്തരവ് നല്‍കുന്നത്. ഇതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ നടപടിക്കായി അയച്ചുതരുമെന്നും പിണറായി വ്യക്തമാക്കി. അന്വേഷണത്തില്‍ ശ്രീവാസ്തവയ്ക്ക് ഒരു പങ്കുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here