നുണ പറഞ്ഞ് അന്നം മുടക്കാൻ ശ്രമം’; പ്രതിപക്ഷം ‘പ്രതികാരപക്ഷം’ ആകരുതെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ പരാതി നൽകിയത് ഇതിന്‍റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷം അന്നം മുടക്കിയതെന്നും തുടർച്ചയായി നുണ പറയുന്നതിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

മെയ് മാസത്തെ ക്ഷേമപെൻഷൻ മുൻകൂറായി നൽകുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സര്‍ക്കാര്‍ മെയ് മാസത്തെ പെൻഷൻ മുൻകൂർ നൽകുന്നില്ല. പ്രതിപക്ഷ നേതാവിന് മാർച്ചും മേയും തിരിച്ചറിയാതായോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷൻ നൽകാൻ ഫെബ്രുവരിയിൽ തീരുമാനിച്ചതാണ്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പിന്‍റെ പേര് പറഞ്ഞ് ജീവനക്കാരുടെ ശമ്പളം മുടക്കാൻ പ്രതിപക്ഷം തയാറാകുമോയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തി.

വിഷു കിറ്റ് വിതരണത്തിനെതിരേ ചെന്നിത്തല ഉന്നയിച്ച ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കോവിഡ് കാലത്ത് ദുരിതമനുഭവിച്ച സമയത്താണ് ഭക്ഷ്യക്കിറ്റ് നല്‍കിത്തുടങ്ങിയത്. ഭക്ഷ്യ കിറ്റെന്നത് പുതിയ കാര്യങ്ങളല്ല മാസങ്ങളായി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2020ലെ ഓണം ഓഗസ്റ്റ് മാസം 31 നായിരുന്നു അന്ന് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയത് ആഗസ്റ്റ് 11നാണ്. ഓണത്തിന് കിറ്റ് കൊടുത്തില്ല എന്ന് ആരോപിക്കുന്നവര്‍ക്കാണ് മറുപടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഇതൊന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്തതാണ്. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായുള്ള അരിയാണ് നല്‍കുന്നത്. ആദ്യഘട്ടം നേരത്തെ നല്‍കി. ഫെബ്രുവരി 20ന് തന്നെ പുതുക്കിയ ഉത്തവ് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് മാസത്തിൽ തന്നെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. നേരത്തെ തീരുമാനിച്ച കാര്യം എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാകുന്നത്”- മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ ജനങ്ങള്‍ക്കുള്ള സൗജന്യമല്ല ജനങ്ങളുടെ അവകാശമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകള്‍ എന്തെന്ന് മനസ്സിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് 7 ശതമാനം പേർക്ക് മാത്രമേ കോവിഡ് പിടികൂടിയിട്ടുള്ളൂവെന്നും 90 ലക്ഷം പേർക്ക് കോവിഡ് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് രാജ്യത്ത് പട്ടിണി വർധിപ്പിച്ചു. പട്ടിണി തടഞ്ഞു നിർത്താൻ എല്‍ഡിഎഫ് സർക്കാരിനായി. കമ്യൂണിറ്റി കിച്ചൻ, ഭക്ഷ്യ കിറ്റ് എന്നിവ ഇതിന് സഹായിച്ചു. വിഷുവും ഈസ്റ്ററും പരിഗണിച്ചാണ് ഏപ്രിൽ ആദ്യം ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കിറ്റ് ജനങ്ങൾക്ക് നൽകുന്നത് സൗജന്യമല്ല. അത് അവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അന്നം മുടക്കികളാരാണെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ജനങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയാണ് അന്നം മുടക്കിയത്. പാവപ്പെട്ടവരുടെ ചട്ടിയിൽ കയ്യിട്ട് വാരിയാണ് മുഖ്യമന്ത്രി കോടികളുടെ പരസ്യം നൽകുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here