തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ടു വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോന്നു വീതവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 215 ആയി.
1,63,129 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു പ്രവേശിപ്പിച്ച 150 അടക്കം 658 പേരാണ് ആശുപത്രികളിലുള്ളത്. ലാബുകളില്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കി. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ബുധനാഴ്ച മുതല്‍ റേഷന്‍ വിതരണം ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനക്കാര്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും റേഷന്‍ നല്‍കും. കടയില്‍ ഒരു സമയത്ത് അഞ്ചു പേരെ ഉണ്ടാകൂ. ഇതിനായി ടോക്കണ്‍ വ്യവസ്ഥകള്‍ പോലുള്ളവ സ്വീകരിക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.