കണ്ണൂര്‍: എല്‍ഡി എഫിനെ തകര്‍ക്കാന്‍ വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണ സംഭാഷണങ്ങള്‍ എന്നിവ പ്രചരിക്കുന്നതായും അണിയറയില്‍ ഇത്തരം പല ആയുധങ്ങളും ഇനിയും ഒരുങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ധര്‍മടത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്നാല്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ല. അതിന്റെ പ്രതിഫലനമാണ് കേരളത്തലുടനീളമുള്ള എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സര്‍വ്വേയിലും വ്യക്തമാക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. സിപിഎം നേതാക്കളെയും കുടുംബങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മുല്ലപ്പള്ളി ഓലപ്പാമ്ബ് കാണിച്ച് പേടിപ്പിക്കേണ്ട. മുല്ലപ്പള്ളി പണ്ട് കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇരട്ടവോട്ടില്‍ രമേശ് ചെന്നിത്തലയുടെ കണ്ടെത്തല്‍ മഹാകാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്സൈറ്റിലാക്കി, എന്തോ മഹാകാര്യമെന്ന മട്ടില്‍ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ബോധപൂര്‍വം ഇരട്ടവോട്ട് ചേര്‍ത്തെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഴക്കടല്‍ മല്‍സ്യബന്ധന കരാറിന്റെ ധാരണാപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്കി.ആഴക്കടല്‍ കരാര്‍ റദ്ദാക്കാന്‍ വ്യവസായ മന്ത്രി തന്നെ കെഎസ്ഐഡിസിയോട് പറഞ്ഞതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. റദ്ദാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയില്ലെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. തീരദേശത്തെ ജനങ്ങള്‍ക്ക് മുന്നില്‍ യഥാര്‍ഥ കുറ്റവാളി കോണ്‍ഗ്രസാണ്. മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തിയത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.