ഓഖിപ്പണത്തില്‍ ആകാശയാത്ര, മുഖ്യന്റെ യാത്രാ ചെലവ് ഉത്തരവ് റദ്ദാക്കി, വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

0
3

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രാ ചെലവ് ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവ് റദ്ദാക്കി.
കഴിഞ്ഞ 26നാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്കു പറന്നത്. തലസ്ഥാനത്തെത്തി മന്ത്രിസഭാ യോഗം കഴിഞ്ഞ് വീണ്ടും അതേ ഹെലികോപ്റ്ററില്‍ തൃശൂരിലേയ്ക്ക് പറന്നു. യാത്ര ചെലവ് വക മാറ്റി നല്‍കിയ വാര്‍ത്ത വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ തലയൂരി. പണം വകമാറ്റിയത് അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.ബംഗലൂരു ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 13,09,800 രൂപയുടെ ബില്‍ സംസ്ഥാന പൊലിസ് മേധാവിയ്ക്കാണ് നല്‍കിയത്. ഡി.ജി.പിയുടെ ലെറ്ററിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ വകുപ്പില്‍ നിന്ന് അനുവദിക്കുകയായിരുന്നു. എന്നാല്‍, ഓഖി ദുരന്തമേഖല സന്ദര്‍ശിച്ച കേന്ദ്രസംഘത്തെ കാണാനാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്.
ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂ മന്ത്രിയുടേയോ ഓഫീസിന്റെയോ അനുമതിയോ അറിവോയില്ലാതെയാണ് ഉത്തരവ് ഇറങ്ങിയതെന്നതും റിപ്പോര്‍ട്ടുണ്ട്. ഹെലികോപ്ടര്‍ യാത്രയെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here