തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതോടെ ഗവര്‍ണറും സര്‍‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായതിനിടെയാണ് നിയമത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത്. സമരപരിപാടികള്‍ ആലോചിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും.

ഡല്‍ഹിയിലെ കര്‍ഷകസമരത്തിന് പിന്തുണയുമായി സംയുക്തകര്‍ഷകസമിതി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പ്രതിഷേധ പരിപാടി നടത്തുന്നത്. ഈ സമരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്നത്. നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍‍ശ ഗവര്‍ണര്‍ തള്ളിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇത് ബനാന റിപബ്ലിക്കല്ലെന്ന് വിമര്‍ശിച്ച്‌ കൃഷിമന്ത്രി വി എസ് സുനി‌ല്‍കുമാര്‍ തന്നെ പരസ്യമായി രംഗത്ത് വന്നു. കേന്ദ്രനിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ബദല്‍ നിയമനിര്‍മ്മാണത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പുതിയ ആയുധമായി ഗവര്‍ണറുടെ തീരുമാനത്തെ മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. പ്രതിപക്ഷമാകാട്ടെ ഗവര്‍ണറെ തിരിച്ച്‌ വിളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു. ഇന്ന് ചേരുന്ന യുഡിഎഫ് പാ‍ലമെന്ററി പാര്‍ട്ടിയോഗം തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here