കേരളസംസ്ഥാനം ഉടലെടുത്തശേഷമുള്ള അതിപ്രധാനമുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. എല്‍.ഡി.എഫിന് വന്‍വിജയം നല്‍കാന്‍ നാടും നഗരവും ഒരുമിച്ചുവെന്ന് തന്നെ പറയാം. നൂറിലധികം സീറ്റോടെ എല്‍.ഡി.എഫിനെ ജനങ്ങള്‍ അധികാരത്തിലേറ്റുമെന്നായിരിന്നു നേതാക്കള്‍ പറഞ്ഞത്. മുന്നണി വിലയിരുത്തിയതും അതുതന്നെയായിരുന്നു. എന്നാല്‍, 90 സീറ്റുകള്‍ നേടി ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരുമെന്നാണ് സൂചന. സര്‍ക്കാര്‍ രൂപവത്‌കരിക്കുന്നതിന് വലിയ ജനസമ്മതിയാണ് എല്‍.ഡി.എഫിന് ലഭിച്ചത്. അധികാരത്തില്‍വരാന്‍ പോകുന്നത് നിഷേധാത്മകമായ വോട്ടിന്റെ ബലത്തിലല്ല സക്രിയമായ വോട്ടിന്റെ അടിസ്ഥാനത്തിലാണെന്നത് സമ്മതിക്കാതിരിക്കാന്‍ വയ്യ.

40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു. 11.30 വരെയുള്ള വിവരമനുസരിച്ച്‌ 90 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 47 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. മൂന്നു സീറ്റുകളില്‍ എന്‍ഡിഎയും ലീ‍ഡ് ചെയ്യുന്നു.

അതേസമയം, ശ്രദ്ധേയ പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പന്‍ കുതിക്കുകയാണ്. വടകരയില്‍ കെ കെ രമയാണ് ബഹുഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നത്. പേരാമ്ബ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു. ഉടുമ്ബന്‍ചോലയില്‍ മന്ത്രി എം.എം.മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരില്‍ കെ.കെ.ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി.

ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടർഭരണം എന്ന സ്വപ്നമാണ് പിണറായി ഉറപ്പാക്കിയത്. ഉറപ്പാണ് തുടർഭരണം. അതെ, മലയാളികളും ആ മുദ്രാവാക്യം ഏറ്റെടുത്തു. പിണറായി എന്ന ക്യാപ്റ്റനിൽ വിശ്വസിച്ചു. ഒരു തുടർഭരണത്തിന് കേരളം വിധിയെഴുതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയൻ തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവർത്തിക്കുന്നു പിണറായി വിജയൻ എന്ന കേരളത്തിന്റെ ക്യാപ്റ്റൻ.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരു സെമിഫൈനലായിരുന്നു. വരാനിരിക്കുന്ന തകർപ്പൻ വിജയത്തിനുള്ള സൂചന. ഫൈനലിൽ ആധികാരിക വിജയം പിടിച്ചാണ് പിണറായി എന്ന സി.പി.എമ്മിന്റെ നായകൻ വിജയചരിത്രമെഴുതുന്നത്.

തദ്ദേശതിരഞ്ഞെടുപ്പ് നൽകിയ വിജയത്തിന്റെ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയാണ് എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമപ്രവർത്തനങ്ങളും ചേർന്നപ്പോൾ തുടർഭരണം എൽ.ഡി.എഫിന് ഉറച്ച ഉറപ്പായി മാറുകയായിരുന്നു. മുന്നണി സമവാക്യങ്ങളും വികസനനേട്ടങ്ങളും വോട്ടായി മറിയപ്പോൾ ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപദ്ധതികളും വോട്ടിന് ഉറപ്പ് കൂട്ടി.

സർക്കാരിന്റെ വികസന നയങ്ങൾക്ക് മുന്നിൽ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും മുങ്ങിപ്പോകുന്ന, ജനം ഇടതിനു അനുകൂലമായി വിധിയെഴുതിയ കാഴ്ചയ്ക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വരും മണിക്കൂറുകളിൽ മറിച്ചൊരു അത്ഭുതം പ്രതീക്ഷിക്കാനും സാധ്യത കുറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here