കോഴിക്കോട്; കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം മുഖ്യമന്ത്രി കണ്ണൂർ പിണറായിയിലെ വീട്ടിലേക്കു പോയി. മുഖ്യമന്ത്രി ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്തത്. ഈ മാസം എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. യമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ ആറിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റും ബേപ്പൂരിലെ എൽ ഡി ഫ് സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

മകൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം കണ്ടെത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.

മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേർത്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് ദിനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗികളുടെ പ്രതിദിനക്കണക്കിൽ ഓരോ ദിവസവും റെക്കോഡ് വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിനംപ്രതി ഒരുലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി വ്യാപിച്ച ശേഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

രാജ്യത്ത് ഇതുവരെ 1,38,73,825 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 13,65,704 സജീവ കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നതാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു ഘടകം. കോവിഡ് നിയന്ത്രണവിധേയമായ ഒരുഘട്ടത്തിൽ രാജ്യത്തെ സജീവ കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ വൻ വര്‍ധനവാണുണ്ടായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here