തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടരെത്തുടരെ വന്ന പ്രകൃതിക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസനത്തെ തളര്‍ത്തിയിട്ടില്ല. മറ്റെല്ലാ ലക്ഷ്യങ്ങള്‍ക്കുമൊപ്പം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതലയും കഴിഞ്ഞ നാലുവര്‍ഷവും ഏറ്റെടുക്കേണ്ടിവന്നു. പകച്ചു നില്‍ക്കാരെ പ്രതിസന്ധികളോട് പൊരുതിയാണ് ഓരോ വര്‍ഷവും പിന്നിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലക്ഷ്യങ്ങളില്‍നിന്ന് തെന്നിമാറിയിട്ടുമില്ല.

35,000 പട്ടയം കൂടി ഈ വര്‍ഷം നല്‍കും

ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നാല് സുപ്രധാന മിഷനുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ടായിരുന്നു. നാലു വര്‍ഷം കൊണ്ട് ലൈഫ് മിഷനിലൂടെ 2,19,154 കുടുംബങ്ങള്‍ക്കു വീടുകള്‍ നിര്‍മിച്ച്, അടച്ചുറപ്പുള്ള പാര്‍പ്പിടം ലഭ്യമാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് അന്തിയുറങ്ങാന്‍ 2450 കോടി രൂപയുടെ ‘പുനര്‍ഗേഹം’ പദ്ധതി ആവിഷ്‌കരിച്ചു. ലക്ഷ്യമിട്ട രണ്ടു ലക്ഷം പട്ടയങ്ങളില്‍ 1.43 എണ്ണം വിതരണം ചെയ്തു. 35,000 പട്ടയം കൂടി ഈ വര്‍ഷം നല്‍കും. ഹരിതകേരളം മിഷന്‍, ഒഴുക്കുനിലച്ചുപോയ പുഴകളെ 390 കിലോമീറ്റര്‍ നീളത്തില്‍ പുനരുജ്ജീവിപ്പിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ ഉയര്‍ത്തിപ്പിടിച്ച് 546 പുതിയ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു. കോവിഡ് 19 നെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കരുത്തുനല്‍കിയത് ആര്‍ദ്രം മിഷന്‍ കൂടിയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉന്നത നിലവാരത്തിലെത്തിച്ചു.

കേരളം നേരിടേണ്ടി വന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെക്കാളും ചെലവുകള്‍ 15 ശതമാനം വര്‍ധന ഉണ്ടാകും. അര്‍ഹമായ കേന്ദ്രസഹായം ലഭിക്കാത്ത സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ തനതായ വഴികള്‍ കണ്ടെത്തും. 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം ബജറ്റിനു പുറത്ത് നടപ്പാക്കാന്‍ കിഫ്ബിയിലൂടെ കഴിഞ്ഞു. 54,391 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കി.

പോലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും

പോലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും. വനിതകളുടെ പൊലീസ് ബറ്റാലിയനും കമാന്‍ഡോ പ്ലാറ്റൂണുകളും രൂപീകരിച്ചു. കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസില്‍ ആദ്യമായി 100 ഫയര്‍ വിമണ്‍ നിയമനം നല്‍കുകയാണ്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ 4752 സ്‌കൂളുകളില്‍ ഐടി അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തി, 14000 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 45,000 ക്ലാസ്സ് മുറികള്‍ ഹൈടെക്ക് ആക്കി, 141 സ്‌കൂളുകള്‍ക്ക് 5 കോടി രൂപ വീതം, 395 സ്‌കൂളുകള്‍ക്ക് 3 കോടി രൂപ വീതം, 444 സ്‌കൂളുകള്‍ക്ക് 1 കോടി രൂപ വീതം, എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ചാലഞ്ച് ഫണ്ട്, 52 വിദ്യാലയങ്ങള്‍ക്ക് നബാര്‍ഡ് സ്‌കീമില്‍ 104 കോടി. ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി, ക്രഷ്, പ്രീ-സ്‌കൂള്‍ ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും, സ്‌കൂള്‍ പാചകക്കാര്‍ തുടങ്ങിയവരുടെ വേതനവും ഇന്‍സെന്റീവും ഉയര്‍ത്തി. പട്ടികജാതി കടാശ്വാസ പദ്ധതിയില്‍ 43,136 പേരുടെ കടം എഴുതിത്തള്ളി. പോലീസിലും എക്‌സൈസിലും നൂറുവീതം പട്ടികവര്‍ഗക്കാരെ നിയമിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ നടത്തി.

കേരള ബാങ്ക് രൂപീകരിച്ചു

സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് കേരള ബാങ്ക് രൂപീകരണം. കാര്‍ഷിക-വ്യാവസായിക രംഗത്തെ നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തിപകരും. ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം നല്‍കാനും ഉയര്‍ന്ന നിലയില്‍ കാര്‍ഷികവായ്പ നല്‍കാനും കഴിയും. 2018 ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സ്‌റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ ടോപ് പെര്‍ഫോര്‍മറായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 1548 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാക്കും.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഓഗസ്റ്റ് 15ന്

കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ബിഎച്ച്ഇഎല്‍ ഇഎംഎല്‍, കാസര്‍കോട്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച് എന്‍എല്‍) സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വ്യവസായ അനുമതികള്‍ വേഗത്തിലാക്കുന്നതിനുള്ള കര്‍മപദ്ധതി നടപ്പാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളില്‍ വാല്യു ആഡഡ് ലോജിസ്റ്റിക് പാര്‍ക്കും നിര്‍മിക്കും. കേരളത്തിലേക്ക് വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം വിദേശങ്ങളില്‍ വ്യവസായം നടത്തുന്ന മലയാളികളെയും ഇവിടെയുള്ള വ്യവസായികളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, തായ്‌വാന്‍, യുഎസ് എന്നീ രാജ്യങ്ങളിലെ വ്യവസായ സംഘടനാ-വ്യവസായ പ്രതിനിധികളെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഓഗസ്റ്റ് 15ന് കമ്മീഷന്‍ ചെയ്യും.

സെമി ഹൈസ്പീഡ് റെയില്‍പാത

കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്റര്‍ ദൂരത്തില്‍ സെമി ഹൈസ്പീഡ് റെയില്‍പാത നിര്‍മിക്കും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തിരൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. വിദ്യാഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കും. ആയിരത്തിന് അഞ്ചുപേര്‍ക്ക് തൊഴില്‍ എന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതി പൂര്‍ത്തിയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here