വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം, ഭൂമിപോയവര്‍ക്ക് 6 ലക്ഷം, മുഖ്യമന്ത്രി വയനാട്ടില്‍

0

കല്‍പ്പറ്റ: മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷവും വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്‍പ്പറ്റയില്‍ ചേര്‍ന്ന വയനാട് ജില്ലയിലെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷവും വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും നല്‍കും. കേന്ദ്ര സഹായം ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചാണ് നീങ്ങുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനായി ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാവിലെ ഇടുക്കിയിലെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് മോശം കാലവസ്ഥകാരണം ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയ അദ്ദേഹം റോഡ് മാര്‍ഗം കല്‍പ്പറ്റ ദുരിതാശ്വാസ ക്യാമ്പിലെത്തി. പിന്നീടാണ് കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here