തെരഞ്ഞെടുപ്പ് ഒരുക്കത്തിലും ‘പിന്‍വാതില്‍’ കളി; പടം പിടിക്കാന്‍ ആളെ തിരുകിക്കയറ്റാനുള്ള ശ്രമം വിവാദത്തിൽ

പത്തനംതിട്ട : അപേക്ഷിച്ചവരില്‍ കുറഞ്ഞ നിരക്കിന് പടം പിടിക്കാനാളില്ലാത്ത് മറയാക്കി ‘പിന്‍വാതില്‍’ അപേക്ഷ. സര്‍ക്കാരിനെ വട്ടം ചുറ്റിക്കുന്ന പിന്‍വാതില്‍ നിയമന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഒരുക്കത്തിലും കണ്ടെത്തിയിരിക്കുകയാണ്. പരാതി അന്വേഷിക്കാന്‍ വിജിലന്‍സ് വരുമോയെന്നാണ് ഇനി അറിയേണ്ടത്.

വിളിച്ച ക്വട്ടേഷനില്‍ ആളെ കിട്ടാതായതോടെ, പുതിയ ക്വട്ടേഷന്‍ വിളിക്കാതെ ‘പിന്‍വാതിലി’ലൂടെ ഇലക്ഷന്‍ വീഡിയോഗ്രാഫി കരാര്‍ നല്‍കാനുള്ള നീക്കമാണ് വിവാദമാകുന്നു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചിത്രീകരിക്കാന്‍ വിളിച്ച കരാര്‍ പ്രകാരം ഫെബ്രുവരി 25 ആയിന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

സംഘടനകളുടെയും വ്യക്തികളുടെയും ഭാഗത്തുനിന്ന് അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടു. ഒരു ദിവസം ഒരു വീഡിയോ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ 948 രൂപ മുതല്‍ 3400 രൂപ വരെ നിരക്കുകള്‍ രേഖപ്പെടുത്തിയ 18 ക്വട്ടേഷനുകളാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ ലഭിച്ചത്. 26 ന് മൂന്നരയോടെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കരാറുകള്‍ തുറന്ന് പരിശോധിച്ചു.

ചട്ടപ്രകാരം, ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷന്‍ അംഗീകരിച്ചു. എന്നാല്‍ മാതാവ് മരിച്ചതിനെ തുടര്‍ന്ന് ഇലക്ഷന്‍ വീഡിയോഗ്രാഫി കരാര്‍ ലഭിച്ചയാള്‍ രേഖാമൂലം പിന്‍മാറി.

പിന്നാലെ 990, 1100 നിരക്കുകള്‍ രേഖപ്പെടുത്തിയിരുന്ന അടുത്ത ഊഴക്കാരെ വിളിച്ചുവെങ്കിലും ആരും കരാര്‍ ഏറ്റെടുത്തില്ല. ഒടുവില്‍ അവശേഷിച്ചതാകട്ടെ, ഏറ്റവും ഉയര്‍ന്ന നിരക്കുകളായ 3300, 3400 എന്നീ തുകകളുടെ കരാറുകളും. ഇത്ര വലിയ തുക അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിലപാട് ജില്ലയിലെ ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

ഇതുമറയാക്കിയാണ് ചിലരെ പിന്‍വാതിലിലൂടെ തിരുകി കയറ്റി കരാര്‍ നല്‍കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുള്ളത്. പുതിയ ക്വട്ടേഷന്‍ ക്ഷണിക്കുകയോ സമീപ ജില്ലകളിലെ നിരക്കില്‍ കരാര്‍ നല്‍കുകയോ ചെയ്യുന്നതിനു പകരം മാര്‍ച്ച് ഒന്നിന് പുതുതായി ചിലരില്‍ നിന്ന് ക്വട്ടേഷന്‍ കൈപ്പറ്റിയതാണ് വിവാദമായിരിക്കുന്നത്.

ഇതിന്റെ പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണം ഉന്നയിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കുവാനും ചിലര്‍ നീക്കം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here