പെട്രോൾ-ഡീസൽ വില വീണ്ടും വർധിച്ചു; 16 ദിവസത്തിനിടെ വില വർധിക്കുന്നത് പത്താം തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസലിന് ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരിയിൽ 16 ദിവസത്തിനിടെ ഇത് പത്താം തവണയാണ് ഇന്ധന വില വർധിക്കുന്നത്.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

ഇന്ധനവില വർധനവിനൊപ്പം പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചതും ജനങ്ങളെ വലയ്‌ക്കുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽ പി ജി സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വർധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകും. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ് എൽ പി ജി സിലിണ്ടറിന് വില കൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here